ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ‘ബുറെവി’ ചുഴലിക്കാറ്റ് ആയേക്കും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

raining | Big news live

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ സാന്നിധ്യത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. അതിവേഗം ശക്തിപ്രാപിക്കുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കും എന്നും മുന്നറിയിപ്പുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് അല്ലെങ്കിൽ ന്യൂനമർദ്ദം ശ്രീലങ്കയിൽ കര തൊടുമെന്നാണ് പ്രവചനം. മാലിദ്വീപ് നിർദ്ദേശിച്ച പേരാണ് ‘ബുറെവി’.

ഡിസംബർ 3,4 തീയതികളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിലായിരിക്കും കനത്ത മഴ ലഭിക്കുക. ഡിസംബർ ഒന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ രണ്ട് ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും.

അതേസമയം, മഴ ഡിസംബർ മൂന്നോടെ കനക്കുമെന്നതിനാൽ അന്നേ ദിവസം സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ നാല് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ അന്ന് യെല്ലോ അലർട്ടാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ലക്ഷദ്വീപിൽ ഓറഞ്ച് അലർട്ട് ബാധകമായിരിക്കും.

Exit mobile version