വിവാദപരാമര്‍ശം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തരൂരിന്റെ മാനനഷ്ടക്കേസ്

സുനന്ദ പുഷ്‌കര്‍ കേസില്‍ വസുതാവിരുദ്ധമായ ആരോപണങ്ങളാണ് രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്

കോണ്‍ഗ്രസ് എംപി ശശിതരൂര്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തരൂര്‍ കൊലപാതക കേസിലെ പ്രതിയാണെന്നും കൊലക്കുറ്റത്തിന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നുമുളള മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേസ്.

സുനന്ദ പുഷ്‌കര്‍ കേസില്‍ വസുതാവിരുദ്ധമായ ആരോപണങ്ങളാണ് രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. താന്‍ കൊലക്കേസില്‍ പ്രതിയല്ലെന്നും, കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും തരൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ മാനനഷ്ടം ഉണ്ടാക്കുന്നതാണ്, നിയമമന്ത്രി ജനങ്ങളെ തെറ്റിധരിപ്പിച്ചെന്നും തരൂര്‍ ആരോപിച്ചു. മന്ത്രിയെ ക്രിമിനല്‍ മാനനഷ്ടത്തിന് ശിക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

നേരത്തെ സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് കാട്ടി തരൂര്‍ നല്‍കിയ മാനനഷ്ടകേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ തിരുവനന്തപുരം കോടതി സമന്‍സ് അയച്ചിരുന്നു. ഫെബ്രുവരി 28ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.

നേരത്തെ ശശിതരൂര്‍ തല്‍കിയ പരാതിയില്‍ ഒരു കേസില്‍ വിധി വരുന്നതിന് മുന്‍പ് ഒരു വ്യക്തിയെ കൊലയാളിയായി മുദ്രകുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.

2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കും, ഗാര്‍ഹിക പീഡനത്തിനും ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.

Exit mobile version