മൂന്നാംഘട്ട പരീക്ഷണം തുടരവേ അനുമതി നല്‍കിയത് അപകടകരം:കോവാക്‌സീന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍

sasi tharoor, covaxine | bignewslive

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവാക്‌സീന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ്. മൂന്നാംഘട്ട പരീക്ഷണം തുടരവേ അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍ പറഞ്ഞു. നടപടി അപക്വവും അപകടകരവുമാണെന്നും, ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോവിഡ് ഷീല്‍ഡിന് അനുമതി നല്‍കിയ തീരുമാനത്തെ തരൂര്‍ സ്വാഗതം ചെയ്തു. കോവീഷീല്‍ഡുമായി മുന്നോട്ടുപോകാമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. കൊവിഡ് മഹാമാരിയെ നേരിടാന്‍ തയ്യാറാക്കിയ രണ്ട് വാക്സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കിയിരുന്നു. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഡ്രഗ്സ് കണ്ട്രോളര്‍ ജനറല്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്.

ഓക്സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിന്‍ വിതരണം നടത്തുക.

വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. രണ്ടു വാക്‌സീനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി.

അതേസമയം കൊവിഷീല്‍ഡ് ഡോസിന് 250 രൂപയാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന വില. കൊവാക്‌സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടവാക്‌സിനേഷന്‍ യജ്ഞത്തില്‍ 30 കോടി ഇന്ത്യക്കാരെയാണ് വാക്‌സിനേറ്റ് ചെയ്യേണ്ടത്. ഇതില്‍ മൂന്ന് കോടി ആളുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കും. ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും, രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പോലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേര്‍.

Exit mobile version