‘കൊച്ചുകള്ളനെ വിജയിപ്പിക്കുക’; പേരുകൊണ്ട് വ്യത്യസ്തനായി ബിജെപി സ്ഥാനാര്‍ത്ഥി, പോസ്റ്റര്‍ കണ്ട് ചിരി നിര്‍ത്താതെ നാട്ടുകാര്‍

ചിറയന്‍കീഴ്: വിവിധ പാര്‍ട്ടികളുടെ വ്യത്യസ്തമായ പ്രചാരണരീതികള്‍ ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയിട്ടുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു പേരുകൊണ്ട് ജനശ്രദ്ധ നേടുകയാണ് ഒരു സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ഥിയായ രാജേന്ദ്രന്റെ ‘കൊച്ചുകള്ള’നെന്ന വിളിപ്പേരാണ് അദ്ദേഹത്തിന്റെ പോസ്റ്ററില്‍ ശ്രദ്ധേയമാകുന്നത്.

ബ്ലോക്ക് പഞ്ചായത്തിലെ വക്കം ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രാജേന്ദ്രന്‍. വക്കത്തു കൊച്ചുകള്ളന്‍ പ്രശസ്തനാണ്. നാട്ടുകാരെല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് കൊച്ചുകള്ളന്‍ എന്നത്. കുട്ടികളും രാജേന്ദ്രന്‍ കൊച്ചുകള്ളനങ്കിളെന്നാണു വിളിക്കുന്നത്.

വിളിപ്പേരുകൊണ്ട് കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുകയാണ് രാജേന്ദ്രന്റെ പോസ്റ്റര്‍. തിരഞ്ഞെടുപ്പില്‍ രാജേന്ദ്രനിതു മൂന്നാം ഊഴമാണ്. 2000ല്‍ നടന്ന വക്കം ഗ്രാമപ്പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ സിഎംപി സ്ഥാനാര്‍ഥിയായി വിജയിച്ചിട്ടുണ്ട്.

മാതാപിതാക്കളും ബന്ധുക്കളുമടക്കം കുഞ്ഞുനാള്‍ മുതല്‍ ഇട്ട ഓമനപ്പേര് ഇത്തവണയും കരുത്താകുമെന്നാണ് ‘കൊച്ചുകള്ളന്റെ’ ഉള്ളിലിരിപ്പ്.

Exit mobile version