രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്, അപകടത്തിന് ഇടയാക്കിയത് അമിത വേഗതയും വളവിലെ ഓവര്‍ടേക്കും!

accident at ramanattukara

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടി ഉള്‍പ്പടെ 10ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30-യോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട്ടില്‍ വിനോദസഞ്ചാരത്തിനുപോയി തിരിച്ചുവരുകയായിരുന്ന ഒറ്റപ്പാലം സ്വദേശികളായ മസൂദ് (21), ഉമ്മര്‍ ഫാറൂഖ് (21), മുഹമ്മദാലി (20), റമീസ് (20), നിഷാജ് (20), റാഷിദ് (20) എന്നിവരാണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ സഞ്ചരിച്ച കാര്‍ രാമനാട്ടുകരഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളും പൂര്‍ണമായും തകര്‍ന്നു.

അനസ് (42), ഹാരിസ് (43), താഹില്‍( 43), സാഹിദ് (10) എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു കാറുകളും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇരുവാഹനങ്ങളും വളവില്‍ ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂട്ടിയിടിച്ച കാറുകള്‍ ഓവര്‍ടേക്ക് ചെയ്തുവന്ന രണ്ടുവാഹനങ്ങളെയും അപകടത്തില്‍പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ബൈപ്പാസിലെ ഗതാഗതം തടസ്സപ്പെട്ടു.

Exit mobile version