ചെലവ് 4.5 ലക്ഷം രൂപ; വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററില്‍ എത്തിച്ച് കര്‍ഷകന്‍

കട്ടപ്പന: വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററില്‍ എത്തിച്ച് വിവാഹം നടത്തി കര്‍ഷകന്‍. വണ്ടന്‍മേട് ചേറ്റുകുഴി ആക്കാട്ടുമുണ്ടയില്‍ ബേബിച്ചനാണ് വിവാഹത്തിനായി മകള്‍ മരിയ ലൂക്കയെ ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്ററില്‍ വയനാട്ടില്‍ എത്തിച്ചത്.

ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ മരിയയ്ക്ക് പുല്‍പള്ളി കക്കുഴി വൈശാഖ് മിന്നുചാര്‍ത്തി. നാലര ലക്ഷം രൂപയോളം മുടക്കിയാണ് ബേബിച്ചന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. വയനാട്ടിലേക്കു 14 മണിക്കൂര്‍ യാത്ര വേണ്ടിവരുമെന്നതും കോവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്.

ഇതിന് പിന്നാലെയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചത്. വധു മകള്‍ മരിയ ലൂക്ക്‌ക്കൊപ്പം ബേബിച്ചനും ഭാര്യ ലിസിയും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ രാവിലെ ആമയാറില്‍ നിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു പുറപ്പെട്ടു.

ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ റോഡ് മാര്‍ഗം വയനാട്ടില്‍ എത്തി വിവാഹത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. മേയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു.

Exit mobile version