ബിജു രമേശിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് രമേശ് ചെന്നിത്തല; അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യം

will file defamation

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബിജു രമേശിനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകീര്‍ത്തകരമായ പ്രസ്താവന പിന്‍വലിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. അല്ലാത്തപക്ഷം ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചു.

ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയതിന്റെ തലേദിവസം രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഭാര്യയും തന്നെ വിളിച്ചിരുന്നതായി ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

ചെന്നിത്തലയുടെ ഭാര്യ തന്നെ വിളിച്ച് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതായും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഭാര്യ വിളിച്ച് കഴിഞ്ഞതിന് ശേഷം പകല്‍ 11.30 ആയപ്പോള്‍ ചെന്നിത്തല തന്നെ നേരിട്ട് വിളിച്ചു. ഉപദ്രവിക്കരുതെന്നും അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നതല്ലേ എന്ന് ചെന്നിത്തല തന്നോട് പറഞ്ഞതായും ബിജു രമേശ് പറഞ്ഞു.

കാലുപിടിച്ച് സംസാരിക്കുന്നത് പോലെ പറയുന്നതുകൊണ്ടാണ് രഹസ്യമൊഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതെന്നും ബിജു രമേശ് പറഞ്ഞിരുന്നു. പിന്നാലെയാണ് ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചത്.

Exit mobile version