ഗ്യാസ് സിലിന്‍ഡര്‍ കണക്ട് ചെയ്യുന്നതിനിടെ തീപടര്‍ന്നു കയറി, ഗൃഹനാഥന് പൊള്ളലേറ്റു, വീട് കത്തിനശിച്ചു,ഒരുലക്ഷം രൂപയുടെ നാശനഷ്ടം

കൊച്ചി: ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപടര്‍ന്ന് കയറി വീട് കത്തി നശിച്ചു. ആലുവയിലാണ് സംഭവം. തായിക്കാട്ടുകര എസ് എന് പുരം ആശാരിപറമ്പ് റോഡില്‍ ദേവി വിലാസത്തില്‍ സുരേഷിന്റെ വീടാണ് ഭാഗികമായി കത്തി നശിച്ചത്.

പുതിയ ഗ്യാസ് സിലിണ്ടര്‍ സ്ഥാപിക്കുന്നതിനിടെ തീപടര്‍ന്നുകയറുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സുരേഷിനും പൊള്ളലേറ്റു. തീ പടര്‍ന്നുപിടിച്ചതോടെ സുരേഷിന്റെ മകളേയും കുഞ്ഞിനേയും ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയത് രക്ഷയായി.

തീയണക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ആലുവയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ദുരന്തം ഒഴിവാക്കാനായത്. തീ അണയ്ക്കുന്നതിനിടെ പരിക്കേറ്റ സുരേഷിനെ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു.

അതിനിടെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളെല്ലാം കത്തിനശിച്ചു. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, അലമാരി, കട്ടില്‍, മേശ എന്നിവയാണ് കത്തിനശിച്ചത്. ആകെ ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Exit mobile version