കളമശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയേക്കും, നികുതി വെട്ടിപ്പിലെ ജപ്തി നോട്ടീസ് മറച്ചുവെച്ചതായി കണ്ടെത്തല്‍, ഡമ്മി സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ ബിജെപി പ്രതിസന്ധിയില്‍

കൊച്ചി: രേഖകളില്‍ വസ്തുത മറച്ച് വെച്ച സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് പ്രതിസന്ധിയില്‍. കളമശേരി നഗരസഭയിലെ 27ആം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ചില രേഖകളില്‍ വസ്തുത മറച്ച് വെച്ചുവെന്നാണ് ആക്ഷേപം.ബിജെപി കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി പ്രമോദ് തൃക്കാക്കരയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലിയാണ് കളമശേരി നഗരസഭയില്‍ വിവാദം ശക്തമാകുന്നത്.

ഇവിടെ ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിനാല്‍ പത്രിക തള്ളിയാല്‍ ബിജെപിക്ക് ഇവിടെ സ്ഥാനാര്‍ത്ഥിയില്ലാതാകും. അതുകൊണ്ടുതന്നെ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ട് ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.നഗരസഭയുടെ 27 ആം വാര്‍ഡിലാണ് പ്രമോദ് മത്സരിക്കാനായി പത്രിക നല്‍കിയത്.

എന്നാല്‍ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ ചില പിശകുകള്‍ കടന്നുകൂടിയതാണ് പത്രിക സ്വീകരിക്കാന്‍ തടസ്സമായത്. നികുതി ഇനത്തില്‍ സര്‍ക്കാരില്‍ അടയ്ക്കേണ്ട ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് റവന്യൂ റിക്കവറി നോട്ടീസ് വന്നത് മറച്ച് വെച്ചതാണ് സ്‌ക്രൂട്ടണി സമയത്ത് പുറത്തായത്.

ഇതിന് പുറമെ സ്വന്തമായുണ്ടായ വാഹനം ഗതാഗത വകുപ്പ് അറിയാതെ പൊളിച്ചു വില്‍ക്കുകയും, രജിസ്ട്രേഷന്‍ റദ്ദാക്കാതിരിന്നതും പ്രമോദിന് വിനയായി. നേരത്ത മണ്ഡലം സെക്രട്ടറിയായ പ്രമോദ്, വിജയം ഉറപ്പിച്ച സ്ഥാനാര്‍ത്ഥിയായതിനാല്‍ മറ്റാരെക്കൊണ്ടും ഡമ്മിപത്രിക സമര്‍പ്പിക്കാന്‍ പ്രമോദ് തൃക്കാക്കര തയ്യാറായിരുന്നില്ല.

ഡമ്മിപത്രിക സമര്‍പ്പിക്കാത്തതില്‍ ബിജെപി നേതൃത്വത്തിന് തന്നെ കടുത്ത പ്രതിഷേധമുണ്ടെന്ന് സൂചനയുണ്ട്. ബിജെപി ജില്ലാകമ്മറ്റി നഗരസഭയില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന വാര്‍ഡ് കൂടിയായിരുന്നു ഇത്.

Exit mobile version