വൈദ്യുതി നിരക്ക് ക്ഷേത്രങ്ങളില്‍ കൂടുതലും പള്ളികളില്‍ കുറവും; പ്രചാരണത്തിന് മറുപടിയുമായി കെഎസ്ഇബി

വൈദ്യുതി നിരക്ക് ക്ഷേത്രങ്ങളില്‍ കൂടുതലും പള്ളികളില്‍ കുറവാണെന്നും തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറേ മാസമായി നടക്കുന്നുണ്ട്. ‘മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്. ക്രിസ്ത്യന്‍ പള്ളി – 2.85/, മസ്ജിദ്- 2.85/, ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ…’ എന്ന തരത്തിലാണ് പ്രചരണം. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ കെഎസ്ഇബി.

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ എന്ന Quasi Judicial Body അംഗീകരിച്ചു നല്‍കിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെഎസ്ഇബി വൈദ്യുതി ബില്‍ തയ്യാറാക്കുന്നത്. 500 യൂണിറ്റിന് താഴെ ഉപയോഗിച്ചാല്‍, ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളില്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്‌സഡ് ചാര്‍ജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്. ഇതാണ് വാസ്തവം എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.

ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ, ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന KSEB എന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാന്‍ കഴിയില്ല. വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കണമെന്നും കെഎസ്ഇബി പറഞ്ഞു.

Exit mobile version