ഉദ്ഘാടന ദിവസം വിമാനത്താവളം കാണാന്‍ കുറുക്കന്മാരും, റണ്‍വേയില്‍ കയറിയ കുറുക്കന്‍ എംഎ യൂസഫലിയുടെ വിമാനം ആകാശത്ത് കറക്കിയത് മിനിറ്റുകളോളം

കണ്ണൂര്‍: ഉദ്ഘാടന ദിവസം വിമാനത്താവളം കാണാന്‍ കുറുക്കന്മാരും എത്തി. വിമാനത്താവളത്തിനുള്ളില്‍ കയറി കൂടിയ ആറ് കുറുക്കന്‍മാരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായി പിന്നീട് അധികൃതര്‍. ആദ്യം കാഴ്ചക്കാര്‍ക്ക് അത്ഭുതമായെങ്കിലും പിന്നീട് തലവേദനയി.

റണ്‍വേയില്‍ കയറിയ കുറുക്കന്‍ അധികൃതരെ വട്ടം കറക്കി. കുറുക്കന്റെ വികൃതി കാരണം വ്യവസായി എംഎ യൂസഫലിയുടെ വിമാനം എട്ട് മിനിറ്റ് വൈകിയാണ് ഇന്നലെ ലാന്‍ഡ് ചെയ്തത്.

വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയില്‍നിന്ന് രാവിലെ 8.07നാണ് യൂസഫലിയുടെ സ്വകാര്യ വിമാനം പറന്നുയര്‍ന്നത്. എട്ടേ മുക്കാലായിരുന്നു കണ്ണൂരിലെ ലാന്‍ഡിങ് സമയം. റണ്‍വേയിലേക്ക് ലാന്‍ഡ് ചെയ്യാനായി തുടങ്ങുന്നതിനിടയിലാണ് പൈലറ്റ് കുറുക്കനെ കണ്ടത്. തുടര്‍ന്ന് വീണ്ടും പറന്ന് ഉയര്‍ന്ന് വട്ടം കറങ്ങി എട്ട് മിനിറ്റിന് ശേഷം ലാന്‍ഡ് ചെയ്തു. ഉദ്ഘാടന ദിനം തന്നെ കുറുക്കന്‍ റണ്‍വേയില്‍ കയറിയത് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി.

റണ്‍വേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കന്‍മാര്‍ അകത്ത് കയറിയത്. കൂടുതല്‍ കുറുക്കന്‍മാര്‍ കയറാതിരിക്കാന്‍ പൈപ്പിന് നെറ്റ് കെട്ടുകയും ചെയ്തു. ഇതോടെയാണ് അകത്ത് കയറിയവയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നത്. പിന്നീട് പല തന്ത്രങ്ങളും പയറ്റി ഇവരെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോഴിയിറച്ചി നല്‍കി വലയിട്ട് പിടികൂടാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തു.

Exit mobile version