തോറ്റിട്ടും തീരാത്ത പൊങ്ങച്ചം; ഇടതുപക്ഷത്തെ പരിഹസിച്ച് വി മുരളീധരൻ; ഒരു സീറ്റ് കൈയ്യിൽ വെച്ച് കേരളം പിടിക്കുമെന്ന് ബിജെപി പറയുന്നത് പൊങ്ങച്ചമല്ലേ; തിരിച്ചടിച്ച് സോഷ്യൽമീഡിയ

V Muraleedharan | Kerala News

തൃശ്ശൂർ: ബിഹാർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ മുന്നേറ്റം കേരളത്തിലും ആഘോഷമാക്കുന്നതിനെ പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്ത്. ബിഹാർ തെരഞ്ഞെടുപ്പിൽ സിപിഐ എംഎൽ 12 സീറ്റു നേടിയപ്പോൾ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളിൽ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സിപിഎമ്മും സിപിഐയും ചേർന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാർ ഫലം നൽകുന്നതെന്നൊക്കെ ഘോര ഘോരം വിലയിരുത്തുന്ന കേരളത്തിലെ സിപിഐഎമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാൻ?’ തോറ്റിട്ടും തീരാത്ത പൊങ്ങച്ചമെന്ന പേരിൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ വി മുരളീധരൻ പറയുന്നു.

അതേസമയം, കേരളത്തിൽ ഒരു സീറ്റ് മാത്രം കൈയ്യിൽ വെച്ചിട്ട്, വരുന്ന തെരഞ്ഞെടുപ്പിൽ കേരളം ഭരിക്കുമെന്ന ബിജെപിയുടെ അവകാശവാദം പൊങ്ങച്ചമല്ലേ എന്ന് സോഷ്യൽമീഡിയ തിരിച്ചടിക്കുന്നു. ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശമാണ് വി മുരളീധരന്റെ വിമർശനക്കുറിപ്പിന് പാരയായിരിക്കുന്നത്.

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്,

ബിഹാറിൽ 16 സീറ്റിൽ വിജയിച്ച് ഇടതുകക്ഷികളുടെ മിന്നും പ്രകടനമെന്ന് വെണ്ടയ്ക്ക വലുപ്പത്തിൽ എഴുതിവിടുന്നവരും വാചകക്കസർത്തു നടത്തുന്നവരുമാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയെ. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുതൽ ലോക്കൽ സഖാവും നിഷ്പക്ഷ ലേബലിട്ട ന്യായീകരണ സിംഹങ്ങളും വരെ ഇക്കൂട്ടത്തിലുണ്ട്. യാഥാർത്ഥ്യമെന്താണ്? ബിഹാർ തെരഞ്ഞെടുപ്പിൽ സിപിഐ എംഎൽ 12 സീറ്റു നേടിയപ്പോൾ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളിൽ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേർന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാർ ഫലം നൽകുന്നതെന്നൊക്കെ ഘോര ഘോരം വിലയിരുത്തുന്ന കേരളത്തിലെ സി പി എമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാൻ?

പിന്നെ ഒന്നുകൂടി, ബിഹാറിൽ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിച്ച് ഇത്തവണ കരുത്തു തെളിയിക്കുകയായിരുന്നോ? അല്ല! ദേശീയ രാഷ്ട്രീയത്തിൽ വെന്റിലേറ്ററിൽ കിടക്കുന്ന കോൺഗ്രസുൾപ്പെട്ട മഹാഗഡ്ബന്ധന്റെ കൂടെ മത്സരിച്ചാണ് ഇടതുപക്ഷം 16 സീറ്റിലെത്തിയത്. സിപിഎം വിട്ട് പുറത്തു വന്ന് നക്‌സൽബാരി മാതൃകയിൽ പ്രവർത്തിക്കുന്ന CPI(ML) നെ ബിഹാറിലെ സീറ്റു നേട്ടത്തിന്റെ പേരിൽ ഇപ്പോൾ ആശ്ലേഷിക്കുന്ന, തങ്ങളൊന്നാണെന്ന് മേനി നടിക്കുന്ന സീതാറാം യെച്ചൂരിയുടെ അവസ്ഥയിൽ സഹതാപമുണ്ട്. സി പി ഐ എംഎല്ലിന്റെ വിജയത്തിന്റെ പങ്കുപറ്റാൻ കേരളത്തിലെ ഇടതുപക്ഷത്തിന് ധാർമ്മികമായ എന്ത് അവകാശമാണുള്ളത് ?ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മണിയടിച്ചും, കള്ളക്കടത്തുകാർക്ക് കുടപിടിച്ചും മുന്നോട്ടു പോകുന്ന ഇടതു സർക്കാരും പാർട്ടിയും കേരളത്തിലെ കർഷകർക്കും താഴേത്തട്ടിലുള്ളവർക്കും വേണ്ടി എന്താണ് ചെയ്യുന്നത്? അതോ, സി.പി.ഐ.എം.എൽ ലിബറേഷന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളോട് ഐക്യപ്പെട്ടോ കേരളത്തിലെ സി പി എം? ഇതൊന്നുമല്ല, തത്കാലത്തെ നിലനിൽപിനു വേണ്ടി ഇപ്പോൾ അവരെയെടുത്ത് തലയിൽ വയ്ക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള ബോധമൊക്കെ ഇന്നാട്ടിലെ ജനങ്ങൾക്കുണ്ട്. ബിഹാറിൽ ഇടതു ജയമെന്ന മഹാലേബലൊട്ടിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ ഇനിയും നോക്കേണ്ട! കോൺഗ്രസുമായി കേരളത്തിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം , അതിർത്തി കടന്നാൽ പിന്നെ പരസ്യമായി സഖ്യം. അതിൽ കൂടുതൽ ഡെക്കറേഷന്റെയൊന്നും ആവശ്യമില്ല യെച്ചൂരിയുടെ പാർട്ടിക്ക് !!!

Exit mobile version