വോഗിന്റെ കവര്‍ ചിത്രത്തില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി; അഭിമാനമായി കെകെ ശൈലജ ടീച്ചര്‍, സംസ്ഥാനത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്ന് ലേഖനം

തിരുവനന്തപുരം: കവര്‍ ഫോട്ടോ ആയി കെകെ ശൈലജ ടീച്ചറുടെ ചിത്രം നല്‍കി കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ആദരവുമായി പ്രമുഖ ഫാഷന്‍ ലൈഫ് സ്‌റ്റൈല്‍ മാഗസിനായ വോഗ്. നിപ്പ വൈറസും, കൊറേണ വൈറസുമടക്കം കേരളത്തിലെ ആരോഗ്യ രംഗം നേരിട്ടതിനെ കുറിച്ചും മന്ത്രിയുടെ ഇടപെടലിനെ കുറിച്ചും വിശദീകരിക്കുന്ന വിശദമായ കവര്‍ സ്റ്റോറിയും മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വോഗിന്റെ കവര്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആരോഗ്യമന്ത്രിക്ക് ആശംസകള്‍ അറിയിച്ച്് രംഗത്തെത്തിയത്. അന്താരാഷ്ട്ര ലൈഫ് സ്റ്റൈല്‍ ഫാഷന്‍ മാഗസിനായ വോഗ് ‘വിമന്‍ ഓഫ് ദ ഇയര്‍ 2020’ എന്ന തലക്കെട്ടോടെയാണ് ആരോഗ്യമന്ത്രിയുടെ ചിത്രം മാഗസിന്‍ കവര്‍ ഫോട്ടോയാക്കിയത്.

കൊവിഡിനെ നേരിട്ടതില്‍ കേരളത്തിന്റേത് അഭൂതപൂര്‍വമായ നേട്ടമെന്നാണ് ലേഖനം വിശേഷിപ്പിക്കുന്നത്. കെ.കെ.ശൈലജയുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കവര്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ആര്‍. സുനില്‍ പകര്‍ത്തിയ കെ.കെ ശൈലജയുടെ ചിത്രമാണ് വോഗ് കവര്‍ സ്റ്റോറിയായി നല്‍കിയിരിക്കുന്നത്.

വോഗ്-ന്റെ വിമന്‍ ഓഫ് ദ ഇയര്‍ 2020 അവസാന പട്ടികയില്‍ കെ.കെ.ശൈലജയും ഇടം പിടിച്ചിട്ടുണ്ട്. കൊവിഡ് 19-നെതിരായ കേരളത്തിന്റെ പോരാട്ടമാണ് കെ.കെ.ശൈലജയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കിയതെന്ന് വോഗ് മാഗസിന്‍ ലേഖനം പറയുന്നു.

രണ്ട് പ്രളയങ്ങള്‍, ചുഴലിക്കാറ്റ്, നിപ്പ വൈറസ്, കൊറോണ വൈറസ് എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേരിടേണ്ടി വന്നു. ലോകാരോഗ്യ സംഘടന കൊവിഡ് 19-നെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ്, കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനും മുമ്പേ കേരള സര്‍ക്കാര്‍ മികച്ച മുന്‍കരുതല്‍ നടപടി ആരംഭിച്ചു.

മികച്ച ആസൂത്രണവും നടപടികളും മൂലം കേരളത്തിലെ കേസുകള്‍ ഒരുസമയം പൂജ്യത്തിലെത്തി. ‘കൊറോണ വൈറസിന്റെ ഘാതകന്‍’ എന്നാണ് കേരളത്തിലെ ആരോഗ്യമന്ത്രി വിശേഷിപ്പിക്കപ്പെട്ടത്. യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതോടെയും, ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെയും കേരളത്തിലെ കേസുകള്‍ വര്‍ധിച്ചുവെന്നും വോഗ് ലേഖനം പറയുന്നു.

Exit mobile version