അതിതീവ്ര വൈറസ് പെട്ടെന്ന് പകരും, മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി, വേണം ജാഗ്രത, നിലവില്‍ 18 പേര്‍ നിരീക്ഷണത്തില്‍, തിയ്യേറ്ററുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: കേരളം കൊറോണ ഭീതിയില്‍ കഴിയുകയാണ്. അതിനിടെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് പുതിയ കൊവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ 18 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി അറിയിച്ചു. അതിതീവ്ര കൊവിഡിനെ നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നാല് വിമാനത്താവളങ്ങളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. കടകളിലും മറ്റ് ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും കര്‍ശന ജാഗ്രത വേണമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

പുതിയ വൈറസ് ഭീഷണിയെത്തുടര്‍ന്ന് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതു വൈകുമെന്നും മന്ത്രി അറിയിച്ചു. ന്യൂഇയര്‍ ആഘോഷങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പൂനെയില്‍ അയച്ച സാമ്പിളുകളുടെ ഫലം അടുത്ത ദിവസം വരും. പോസിറ്റീവ് കേസ് വന്നാല്‍ നേരിടാന്‍ സജ്ജമാണ്. കൂടുതല്‍ ഐസിയുകളും കിടക്കകളും സംസ്ഥാനത്തെ ആശുപത്രികളില്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ഇനി മുതല്‍ കൊവിഡ് കൊവിഡ് ഇതര രോഗികളെ ഒരുമിച്ചു ആശുപത്രികളില്‍ ചികിത്സ നടത്തേണ്ടി വരും.

കൊവിഡിന്റ പേരില്‍ മറ്റു ചികിത്സകള്‍ക്ക് തടസം ഉണ്ടാവാന്‍ പാടില്ലെന്നും മാറ്റിവെച്ച ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മരണനിരക് കേരളത്തില്‍ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.

Exit mobile version