എടക്കര: മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് പോത്തുകൽ ഞെട്ടിക്കുളത്ത് അമ്മയെയും മൂന്ന് മക്കളെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കുട്ടികൾക്ക് വിഷം നൽകിയതായി സൂചന. ഭക്ഷണത്തിൽ വിഷം നൽകിയ ശേഷം മക്കളെ കെട്ടിത്തൂക്കി മാതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35), മക്കളായ ആദിത്യൻ (13), അർജുൻ (11), അഭിനവ് (ഒമ്പത്) എന്നിവരെയാണ് മരിച്ച നിലയിൽ അയൽക്കാർ കണ്ടെത്തിയത്. പനങ്കയം കൂട്ടംകുളത്തെ വാടകവീട്ടിൽ ഞായറാഴ്ച രാവിലെ 11ഓടെയാണ് മൃതദേഹങ്ങൾ കണ്ടത്.
മരിച്ച കുട്ടികളിൽ വിഷം അകത്തുചെന്നതിന്റെ അടയാളങ്ങളുണ്ട്. അതേസമയം, എന്തിനാണ് കൃത്യം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രഹ്നയുടെ മൊബൈൽ ഫോണുൾപ്പെടെ കൂടുതൽ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളിയായ രഹ്നയുടെ ഭർത്താവ് ബിനേഷ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. രഹ്ന ഫോണെടുക്കാത്തതിനെ തുടർന്ന് ബിനേഷ് വിളിച്ചറിയിച്ചതനുസരിച്ച് അയൽവാസിയായ സ്ത്രീ നോക്കിയപ്പോഴാണ് അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പിന്നീട് നാട്ടുകാർ എത്തി ചവിട്ടിത്തുറന്നാണ് അകത്ത് കടന്നത്. പോത്തുകൽ പോലീസ് ഇൻസ്‌പെക്ടർ കെ ശംഭുനാഥിന്റെ നേതൃത്വത്തിൽ നാലുപേരെയും പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇവർ തുടിമുട്ടിയിലെ വീട്ടിൽനിന്ന് ആറുമാസം മുമ്പാണ് ഞെട്ടിക്കുളത്തെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. ഒരാഴ്ച മുമ്പാണ് ബിനേഷ് ജോലി സ്ഥലത്തേക്ക് പോയത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും.
