ധാര്‍മികത ഏറ്റെടുത്ത് കമറുദ്ദീന്‍ രാജിവയ്ക്കണം; തട്ടിപ്പ് കേസില്‍ ലീഗ് സംസ്ഥാന നേതാക്കള്‍ക്കും പങ്ക്; ആരോപണവുമായി കെ സുരേന്ദ്രന്‍

പത്തനംതിട്ട: ജ്വല്ലറി തട്ടിപ്പു കേസില്‍ അറസ്റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍. തട്ടിപ്പ് കേസില്‍ ലീഗ് സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തട്ടിപ്പില്‍ ലീഗ് സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ട്. അത് കൊണ്ടാണ് ലീഗ് നേതൃത്വം എംഎല്‍എയെ സംരക്ഷിക്കുന്നത്. കേസിലെ ലീഗ് നേതാക്കളുടെ പങ്ക് കൂടി അന്വേഷിക്കണം. കമറുദ്ദീന്‍ ധാര്‍മികത ഏറ്റെടുത്ത് രാജിവക്കണമെന്നും സുരേന്ദ്രന്‍ അവശ്യപ്പെട്ടു.

അതേസമയം എംസി കമറുദ്ദീന്‍ രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. കമറുദ്ദീനെതിരെ ചുമത്തിയത് നിലനില്‍ക്കാത്ത വകുപ്പുകളാണ്. നിയമനടപടി അനിതര സാധാരണമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാതെ കേസെടുത്തു. നിക്ഷേപകരുടെ പണത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല. കമ്പനി കടംവീട്ടണം. അറസ്റ്റ് അന്യായമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Exit mobile version