‘പൊന്നുമക്കള്‍ രണ്ടാളും പോയി, അവരുടെ ജീവനു പകരമാകുമോ എത്ര വലിയ ഭാഗ്യവും’ ലോട്ടറി അടിച്ചിട്ടും ഗോവിന്ദനും ഭാര്യ ഉഷയ്ക്കും തീരാദുഃഖം മാത്രം

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ 75 ലക്ഷം രൂപ കൈവന്നിട്ടും ഗോവിന്ദനും ഭാര്യ ഉഷയ്ക്കും തീരാദുഃഖം മാത്രം ബാക്കി. അകാലത്തില്‍ പൊലിഞ്ഞ തങ്ങളുടെ രണ്ട് മക്കളുടെ വിയോഗമാണ് ഇവര്‍ക്ക് നോവാവുന്നത്. മൂന്ന് പേരാണ് ഇവര്‍ക്കുള്ളത്. അതില്‍ മകള്‍ ജിജി, മകന്‍ ജിജേഷ് എന്നിവരാണ് മരിച്ചത്.ഇരുവര്‍ക്കും 25 വയസ്സാകുമ്പോഴായിരുന്നു മരണം.

എന്താണ് ഇരുവരുടെയും അസുഖമെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിരുന്നില്ല. ജിജേഷിന് ബിഎ ചരിത്രത്തില്‍ ഒന്നാം റാങ്കായിരുന്നു. ജിജി എന്‍ജിനീയറിങ് ബിരുദധാരി. അസുഖം കൂടി വന്ന് ഇരുവരും കിടപ്പിലായി. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ആസ്പത്രികളിലെത്തി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.

‘പൊന്നുമക്കളുമൊത്തുള്ള ജീവിതത്തേക്കാള്‍ വലുതായി ഏതു സന്തോഷമാണുള്ളത്. അവരുടെ ജീവനു പകരമാകുമോ എത്ര വലിയ ഭാഗ്യവും’ ലോട്ടറി അടച്ചതിനു ശേഷം ഗോവിന്ദന്റെ പ്രതികരണം ആണ് ഇത്. വേദനയോടെയായിരുന്നു ആ വാക്കുകള്‍. ഒരുദിവസം മക്കളെയും കൊണ്ട് വെല്ലൂരിലേക്ക് പോയപ്പോള്‍ ആംബുലന്‍സിന്റെ ചെലവ് തൃശ്ശൂരില്‍നിന്നുള്ള ഒരു മനുഷ്യസ്‌നേഹി കാല്‍ലക്ഷം രൂപ അയച്ചു തന്നത് ഒരിക്കലും മറക്കാനാകില്ലെന്നും ഗോവിന്ദന്‍ പറയുന്നു.

കാഞ്ഞങ്ങാട് കോട്ടച്ചേരി-രാംനഗര്‍ റോഡിലെ ശരണ ജൂവലറിയില്‍ സ്വര്‍ണപ്പണിക്കാരനാണ് പൊള്ളക്കട ‘ജിഷ നിവാസി’ലെ പിസി ഗോവിന്ദന്‍. തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഡബ്ല്യുഎച്ച് 732140 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.

രണ്ടുപതിറ്റാണ്ടായി കാഞ്ഞങ്ങാട്ട് നടന്ന് വില്‍പ്പന നടത്തുന്ന ലോട്ടറി ഏജന്റ് നീലേശ്വരം കോയാമ്പുറത്തെ കളത്തില്‍ ദിവാകരനില്‍നിന്നാണ് ലോട്ടറി വാങ്ങിയത്. കടയിലെത്തിയ ദിവാകരന്‍ ഒരു ടിക്കറ്റ് നിര്‍ബന്ധിച്ച് പിടിപ്പിക്കുകയായിരുന്നുവെന്ന് ഗോവിന്ദന്‍ പറയുന്നു.

Exit mobile version