നേതാക്കള്‍ ഇത്തരം സന്ദേശമാണോ നല്‍കേണ്ടത്…? മുല്ലപ്പള്ളിയുടെ മനോനില വ്യക്തമായി; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധത പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് മന്ത്രി പ്രതികരിക്കുന്നു. ഫേസ്ബുക്കില്‍ വീഡിയോയിലൂടെയാണ് മന്ത്രി മുല്ലപ്പള്ളിക്കെതിരെ രംഗത്ത് വന്നത്.

ബലാത്സംഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇത്തരം സന്ദേശമാണോ നല്‍കേണ്ടതെന്നും മന്ത്രി ചോദിച്ചു. മുല്ലപ്പള്ളിയുടെ പരാമര്‍ശം സ്ത്രീകളെ ആകെ അപമാനിക്കുന്നതാണ്. പരാമര്‍ശത്തില്‍ നിന്നും അദ്ദേഹത്തിന്റെ മനോനില വ്യക്തമായി. ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍;

ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.

Exit mobile version