കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് മേല്‍ക്കൂര, ചോര്‍ന്നൊലിക്കുന്നത് തടയാന്‍ സഹായം ചോദിച്ച രാജേഷിന് കേരളാ പോലീസിന്റെ സഹായ ഹസ്തം; വീട് തന്നെ നിര്‍മ്മിച്ച് നല്‍കി, നന്ദി പറഞ്ഞ് കുടുംബം

കുമളി: ചോര്‍ന്നൊലിക്കുന്നത് തടയാന്‍ സഹായം ചോദിച്ച രാജേഷിന് കേരളാ പോലീസിന്റെ സഹായ ഹസ്തം. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് മേല്‍ക്കൂരയ്ക്ക് പകരം, ഒരു ഷീറ്റ് വാങ്ങിക്കാന്‍ വേണ്ടിയാണ് രാജേഷ് കുമളി പോലീസിന്റെ അടുത്തെത്തിയത്. പരാതികേട്ട പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ദയനീയ കാഴ്ചയായിരുന്നു.

കാറ്റടിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താറായി നില്‍ക്കുന്ന കാട്ടുകമ്പുകള്‍ കൊണ്ട് നിര്‍മിച്ച ഷെഡ്, കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് മേല്‍ക്കൂര. അതിനുള്ളിലാണ്, കുഞ്ഞുങ്ങളും പ്രായമായ അമ്മയും ഉള്‍പ്പെടുന്ന കുടുംബം താമസിക്കുന്നത്. കുമളി, ഓടമേട്, പളിയക്കുടിയില്‍ രാജേഷ്-നിര്‍മല ദമ്പതികളുടെ ദുരിതം അറിഞ്ഞ പോലീസ് ഷീറ്റല്ല, പകരം വീട് തന്നെയാണ് നിര്‍മ്മിച്ച് നല്‍കിയത്.

കുമളി, സിഐ ജോബിന്‍ ആന്റണി, എസ്‌ഐ പ്രശാന്ത് വി നായര്‍, ആര്‍ ബിനോ, സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാജേഷിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. പോലീസിലെ വിവിധ വിഭാഗങ്ങളുടെ സഹായത്തിന് പുറമേ വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് 600 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍മാണം തുടങ്ങിവെച്ച വീടിന്റെ പണി ഒന്നരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രണ്ട് മുറികള്‍, അടുക്കള, ഹാള്‍, വര്‍ക്കേരിയ, ടോയ്‌ലറ്റ് ഉള്‍പ്പെടെ എല്ലാ സൗകര്യത്തോടെയാണ് രാജേഷിനും കുടുംബത്തിനും വീടൊരുക്കിയത്. ഇടുക്കി പോലീസ് മേധാവി കറുപ്പസ്വാമി വൈകാതെ തന്നെ വീട് കുടുംബത്തിന് കൈമാറും.

Exit mobile version