കാക്കിക്കുള്ളിലെ നന്മയ്ക്ക് ബിഗ് സല്യൂട്ട്! റോഡരികില്‍ കിടന്ന രണ്ട് ലക്ഷത്തിന്റെ ഉടമയെ ‘പോലീസ് ബുദ്ധിയില്‍’ കണ്ടെത്തി തിരിച്ചുനല്‍കി; ഹീറോയായി കരുനാഗപ്പള്ളിയിലെ പോലീസ് ഓഫിസര്‍

കൊല്ലം: കരുനാഗപ്പള്ളി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ആര്‍ സുരേഷ്‌കുമാറാണ് നന്മയിലൂടെ സൈബര്‍ലോകത്തെ ഹീറോയായി മാറിയിരിക്കുന്നത്. കഴിഞ്ഞ 30നാണ് സുരേഷ്‌കുമാറിന് 2 ലക്ഷം രൂപ കളഞ്ഞ് കിട്ടിയത്. കൊല്ലത്തെ ജ്വല്ലറിയില്‍ നിന്ന് ഭാര്യ സ്മിതയുടെ സ്വര്‍ണാഭരണം മാറ്റി വാങ്ങിയ ശേഷം ഇരുവരും ഇറങ്ങി നടന്നുവരുമ്പോഴാണ് റോഡരികില്‍ റബര്‍ ബാന്‍ഡിട്ടു കെട്ടിയ 2000 രൂപയുടെ 100 നോട്ടുകള്‍ മടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ പണം അദ്ദേഹം സമീപത്തെ ജ്വല്ലറിയില്‍ ഏല്‍പിച്ചു. സ്വര്‍ണാഭരണം വാങ്ങാനെത്തിയ ആരുടെയോ കൈയ്യില്‍ നിന്നും പണം നഷ്ടപ്പെട്ടതായിരിക്കാമെന്നും അത് വായ്പാ തുക ആയിരിക്കാമെന്നും മനസ്സിലാക്കി.

അതേസമയം, നഷ്ടമായ പണം അന്വേഷിച്ച് വിഷമിച്ചു നടന്ന യഥാര്‍ഥ അവകാശി ചവറ തെക്കുംഭാഗം തോലുകടവ് തേരുവിളമുക്ക് ബംഗ്ലാവില്‍ ബാലചന്ദ്രന്‍പിള്ള ജ്വല്ലറിയിലെത്തി അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട മുഴുവന്‍ പണവും ഒരു പോലീസുകാരന്‍ ഏല്‍പിച്ചു മടങ്ങിയ വിവരം അറിയുന്നത്.

ജീവശ്വാസം വീണ്ടെടുത്ത ബാലചന്ദ്രന്‍പിള്ള പിന്നെ ഒരു ഓട്ടമായിരുന്നു, കാക്കിക്കുള്ളിലെ നന്മനിറഞ്ഞ മനുഷ്യനെ തേടി. മകളുടെ വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ സ്വരുക്കൂട്ടിവച്ച തുകയാണ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയത്. സുരേഷ്‌കുമാറിനെ നേരിട്ടുകണ്ട് തീര്‍ത്താല്‍തീരാത്ത നന്ദിയറിയിക്കുകയും മകളുടെ വിവാഹത്തിന് ക്ഷണിയ്ക്കുകയും ചെയ്തു.

കഴിഞ്ഞ 2ന് അദ്ദേഹത്തിന്റെ മകള്‍ പാര്‍വതിയുടെ വിവാഹമായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പക്ഷേ സുരേഷ്‌കുമാറിന് കഴിഞ്ഞില്ല. നഷ്ടമായ തുക ആ കുടുംബത്തിന് വേഗം തന്നെ തിരിതിരികെ ലഭിക്കാന്‍ താന്‍ നിമിത്തമായത് അയ്യപ്പന്റെ കടാക്ഷമായാണ് കാണുന്നതെന്ന് പമ്പയില്‍ ഗാര്‍ഡ് റൂമിനു സമീപം ജോലി ചെയ്യുന്ന സുരേഷ്‌കുമാര്‍ പറയുന്നു. അതുകൊണ്ടാണ് പമ്പയില്‍ തന്നെ തീര്‍ഥാടക സേവനത്തിന് താന്‍ നിയോഗിക്കപ്പെട്ടതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Exit mobile version