ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിക്ക് സസ്‌പെൻഷൻ; നടപടി രാഷ്ട്രപതിയുടേത്

ന്യൂഡൽഹി: ഒട്ടേറെ വിവാദങ്ങൾക്ക് ഒടുവിൽ ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്‌പെന്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാൻസലറെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

നേരത്തെ, ഭരണനിർവഹണവുമായി ബന്ധപ്പെട്ട് വിസിക്ക് വീഴ്ച സംഭവിച്ചെന്ന വിവാദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ടും വൈസ് ചാൻസലർക്കെതിരെ ആരോപണം ഉയർന്നിരുന്നു.

ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച വൈസ് ചാൻസലർക്കെതിരെ അന്വേഷണം നടത്തുന്നതിന് രാഷ്ട്രപതി അനുമതി നൽകിയതും തുടർന്ന് സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയതും.

Exit mobile version