ഇത് വിലക്കയറ്റത്തിന്റെ നാളുകളോ..? സംസ്ഥാനത്ത് മുട്ടയ്ക്ക് വില ആറ് രൂപ; വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ടയ്ക്ക് വില ആറ് രൂപയ്ക്ക് അടുത്ത് എത്തി നില്‍ക്കുകയാണ്. ഇനിയും വില ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതികരണം. ഉത്തരേന്ത്യയില്‍ മുട്ടയ്ക്ക് ഡിമാന്റ് ഏറിയതോടെയാണ് സംസ്ഥാനത്ത് മുട്ട വിലയും ഉയരാന്‍ കാരണമെന്നാണ് വ്ാപാരികള്‍ നല്‍കുന്ന വിശദീകരണം.

2019ല്‍ ഏതാനും ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ മുട്ടവിലയില്‍ കാര്യമായ വ്യതിയാനം നേരിട്ടിരുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. നാമക്കലില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. 2 മുതല്‍ 3 രൂപവരെ മൊത്തവിലയ്ക്ക് എത്തിയിരുന്ന മുട്ടയ്ക്ക് ഒക്ടോബര്‍ മാസത്തില്‍ 5 രൂപയാണ് വിലയെന്ന് മൊത്ത വ്യാപാരികള്‍ വ്യക്തമാക്കി. സാധാരണ നിലയില്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലും ജൂണ്‍ ജൂലൈ മാസങ്ങളിലുമാണ് മുട്ട വില കൂടുക.

നിലവിലെ വില വര്‍ധന അസാധാരണമാണെന്നും മുട്ട മൊത്ത വ്യാപാരികളും കൂട്ടിച്ചേര്‍ത്തു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ഡിമാന്‍ഡ് ഉണ്ടായതോടെയാണ് ഇതെന്നാണ് കേരള എഗ്ഗ് മെര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കബീര്‍ പ്രതികരിച്ചു. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദക്ഷിണ കേരളത്തിലെ പ്രമുഖ മുട്ട മൊത്ത വ്യാപാര സ്ഥാപനമായ എകെ എഗ്ഗ് ട്രേഡേഴ്‌സിന്റെ ഉടമ കൂടിയാണ് കബീര്‍. വരും ദിവസങ്ങളില്‍ ഇത് കൂടാനാണ് സാധ്യതയെന്നും കബീര്‍ വിലയിരുത്തുന്നു. നേരത്തെ ഉള്ളിവിലയിലും ഉരുളക്കിഴങ്ങിലും വില കുത്തനെ ഉയര്‍ന്നിരുന്നു. കനത്ത മഴയെ തുടര്‍ന്നുള്ള കൃഷിനാശമാണ് വില വര്‍ധനവിന് ഇടയാക്കിയതെന്നാണ് വ്യാപാരികളുടെ പക്ഷം.

Exit mobile version