തണുത്ത് വിറച്ച് ഉത്തരേന്ത്യ; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്

പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഉത്തരേന്ത്യ തണുത്തുവിറച്ചു.

ന്യൂഡല്‍ഹി: അതി കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയടക്കം 6 സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നതോടെ ഉത്തരേന്ത്യ തണുത്തുവിറച്ചു.

കനത്ത മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മൂടല്‍മഞ്ഞ് കാരണം 24 ട്രെയിനുകള്‍ വൈകി. 2 മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ ഡല്‍ഹിയില്‍ വൈകിയെത്തിയത്.

ഹരിയാനയിലെ റെവാരി ജില്ലയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസാറില്‍ 0.2 ഡിഗ്രിയാണ് താപനില.

1996ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ ഇത്രയും താഴ്ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ്, കല്‍പ എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. അടുത്ത രണ്ട് ദിവസം വരെ അതിശൈത്യം തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version