വനിതാ മതിലില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ ചരിത്രത്തിലെ വിഡ്ഢികള്‍; വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: നവോത്ഥാനം എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് അത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ വനിതാ മതില്‍ കൊണ്ടു വരുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല യുവതി പ്രവേശനം വിധി എല്ലാ ദേശീയ രാഷ്ട്രീയ കക്ഷികളും സ്വാഗതം ചെയ്തവരാണ്. എന്നാല്‍ പിന്നീട് യാതൊരു മടിയുമില്ലാതെ അവര്‍ അത് മാറ്റിപ്പറഞ്ഞു. ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്നും താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കേരള മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാന്‍ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോള്‍ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവര്‍ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്റെ ആശയം കത്തിപ്പോവില്ലെന്നും സോഷ്യല്‍ മീഡിയയിലെ ചീത്ത പറച്ചിലുകള്‍ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ ചരിത്രത്തില്‍ വിഡ്ഢികളാവും. രാഷ്ട്രീയത്തിനതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നുവെന്നും, 20 കൊല്ലമായി വന്ന ഭരണസമിതികള്‍ മാറി മാറി വന്നിട്ടും ദേവസ്വം ബോര്‍ഡില്‍ സവര്‍ണ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Exit mobile version