കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

എറണാകുളം: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാ വീഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്സിംഗ് ഓഫിസര്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി സികെ ഹാരിസിന്റെ മരണം ഓക്സിജന്‍ ലഭിക്കാതെയാണെന്ന് പറയുന്നുണ്ട്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കാമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. പല രോഗികളുടേയും ഓക്സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വയ്ക്കുന്നതെന്നും ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സംരക്ഷിച്ചതുകൊണ്ടാണ് നടപടിയുണ്ടാകാതിരുന്നതെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

Exit mobile version