‘വനിതാ നേതാക്കള്‍ വെല്ലുവിളികളെ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി’: ജസീന്ത ആര്‍ഡന്റെ വിജയത്തില്‍ അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍

കൊച്ചി: രണ്ടാമതും ന്യൂസിലന്റ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പട്ട ജസീന്ത ആര്‍ഡനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡിനെതിരെ ഫലപ്രദമായി നടത്തിയ പോരാട്ടങ്ങളെയും മന്ത്രി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കെകെ ശൈലജ ടീച്ചര്‍ അഭിനന്ദനം അറിയിച്ചത്.

‘നിങ്ങള്‍ ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കുകയും പുതിയ ഇന്നിങ്‌സിന് ആശംസ നേരുകയും ചെയ്യുന്നു. കൊവിഡിനെ ഫലപ്രദമായി നിങ്ങള്‍ എങ്ങനെ നേരിട്ടുവെന്ന് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. വെല്ലുവിളികളെ വനിതാ നേതാക്കള്‍ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി’ – ശൈലജ ടീച്ചര്‍ ട്വീറ്റ് ചെയ്തു.

ന്യൂസിലന്റ് തെരഞ്ഞെടുപ്പില്‍ ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി ഉജ്വല വിജയമാണ് നേടിയത്. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടി. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍ഡില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ സഖ്യക്ഷികളായ ഗ്രീന്‍ പാര്‍ട്ടി 7.6 ശതമാനം വോട്ടും ഫസ്റ്റ് പാര്‍ട്ടി 2.6 ശതമാനം വോട്ടും നേടി.

50 വര്‍ഷത്തെ ചരിത്രത്തില്‍ ന്യൂസിലന്റ് ജനത ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ തെരഞ്ഞെടുപ്പാണിതെന്ന് ജസീന്ത അണികളെ അറിയിച്ചു. 2-3 ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജസീന്ത ഗവര്‍ണര്‍ ജനറലിനെ അറിയിച്ചു. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട് ലേബര്‍ പാര്‍ട്ടിക്ക്.

Exit mobile version