‘തെറ്റുപറ്റിപ്പോയി’; എംജി ശ്രീകുമാറിനോട് പരസ്യമായി മാപ്പ് ചോദിച്ച് വിദ്യാര്‍ത്ഥികള്‍

കൊച്ചി; അപവാദ പ്രചാരണത്തില്‍ ഗായകന്‍ എംജി ശ്രീകുമാറിനോട് മാപ്പ് ചോദിച്ച് വിദ്യാര്‍ത്ഥികള്‍. യുവാക്കള്‍ മാപ്പു ചോദിക്കുന്ന വീഡിയോ എംജി ശ്രീകുമാര്‍ തന്നെയാണ് തന്റെ യുട്യബ് ചാനല്‍ വഴി പങ്കുവെച്ചിരിക്കുന്നത്.വസ്തുതകള്‍ പരിശോധിക്കാതെ ഗായകനെതിരെ മാനഹാനി സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത് തെറ്റായിപ്പോയി എന്ന് യുവാക്കള്‍ പറഞ്ഞു.

സ്വകാര്യ ചാനലിലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം. പരിപാടിയില്‍ നാലാം സ്ഥാനം ലഭിക്കേണ്ടിയിരുന്ന കുട്ടിയെ എംജി ശ്രീകുമാര്‍ തഴഞ്ഞുവെന്നും മറ്റൊരു കുട്ടിയെ ആണ് പരിഗണിച്ചതെന്നുമായിരുന്നു തങ്ങളുടെ യുട്യൂബ് ചാനലിലൂടെ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്.

എന്നാല്‍ തനിക്കെതിരെ യുവാക്കള്‍ അപവാദ പ്രചാരണം നടത്തിയെന്ന് കാണിച്ച് എംജി ശ്രീകുമാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ ഒരു പരാതി നല്‍കിയിരുന്നു.എംജിയുടെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ നേരത്തേ പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ആദ്യത്തെ വീഡിയോ 5 ലക്ഷത്തിലധികം പേര്‍ കണ്ടുവെന്ന പശ്ചാത്തലത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടിപടി തേടി എംജി പോലീസിനെ സമീപിച്ചത്.

സംഭവത്തില്‍ പോലീസ് വിദ്യാര്‍ത്ഥികളെ വിളിച്ച് വരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറയുന്ന വീഡിയോ തന്റെ യുട്യുബിലൂടെ പങ്കുവെച്ച് എംജി രംഗത്തെത്തി.താന്‍ ഇന്ന് വരെ പക്ഷാപാതമായി ഒരു മത്സരാര്‍ത്ഥിയോടും പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന് വ്യക്തിപരമായി അധിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് അനുഭവപ്പടെുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് എംജി പറഞ്ഞു. അതേസമയം വസ്തുതകള്‍ പരിശോധിക്കാതെ ഗായകനെതിരെ മാനഹാനി സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത് വളരെയധികം തെറ്റാണെന്ന ഉത്തമോ ബോധ്യം ഇപ്പോള്‍ ഉണ്ടെന്ന് ഖേദം പ്രകടിപ്പിച്ചുള്ള വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Exit mobile version