അഴിമതിയിലും ഗ്രൂപ്പുകളിയിലും മനംമടുത്തു, കോണ്‍ഗ്രസ് വിട്ട് വീക്ഷണം മുന്‍ മാര്‍ക്കറ്റിങ് മാനേജര്‍, ഇനി സിപിഎമ്മിനൊപ്പമെന്ന് ജോബി കുന്നക്കാട്ട്

തിരുവനന്തപുരം: വീക്ഷണം പരസ്യവിഭാഗം മുന്‍ ചീഫ് മാനേജര്‍ ജോബി കുന്നക്കാട്ട് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും ഇനി സിപിഐ എമ്മിനോട് യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ജോബി ഒരു മാധ്യമത്തോടായി പറഞ്ഞു.

അഴിമതിയിലും ഗ്രൂപ്പുകളിയിലും മനംമടുത്താണ് ജോബി കോണ്‍ഗ്രസ് വിട്ടത്. അഴിമതിയുടെയും ഗ്രൂപ്പുകളിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയെന്നും സത്യസന്ധരായ പ്രവര്‍ത്തകര്‍ക്ക് അവിടെ സ്ഥാനമില്ലെന്നും ജോബി പറഞ്ഞു.

അഴിമതിവിരുദ്ധനെന്ന് സ്വയം പ്രഖ്യാപിക്കുന്ന പി ടി തോമസ് ഏറ്റവും വലിയ കാപട്യക്കാരനാണ്. പി ടി തോമസ് മാനേജിങ് ഡയറക്ടറായിരിക്കെ വീക്ഷണം പത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ മുക്കിയെന്നും ജീവനക്കാരുടെ ശമ്പളവും ന്യൂസ്പ്രിന്റിന്റെ പണവും പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിചയസമ്പന്നരെ മാറ്റി പത്രത്തിന്റെ പ്രധാനസ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ നിയമിച്ചു. സ്വജനപക്ഷപാതിയായ ഇദ്ദേഹം എന്ത് കൊള്ളരുതായ്മയും കാണിക്കാന്‍ മടിക്കാത്തവനാണെന്നും ജോബി പറഞ്ഞു. കെടുകാര്യസ്ഥതയെ ചോദ്യം ചെയ്തതിനാണ് പരസ്യവിഭാഗം സംസ്ഥാന ചീഫായിരുന്ന തന്നെ തിരുവനന്തപുരം ചീഫായി തരംതാഴ്ത്തിയത്.

പറയാനുള്ളത് മുഖത്തുനോക്കി പറഞ്ഞ് ഇറങ്ങിപ്പോന്ന തന്നെ പി ടി തോമസ് പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ജോബി പറഞ്ഞു. 2005ല്‍ ആണ് ജോബി വീക്ഷണത്തില്‍ ചുമതലയേറ്റത്.

Exit mobile version