വിദഗ്ധ ചികിത്സയ്ക്കായി ശിവശങ്കറിനെ തിരുവനന്തപുരം മെഡി. കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡി. കോളേജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കാണ് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റിയത്. നടുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡിസ്‌കില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ശിവശങ്കറിനെ തിരുവനന്തപുരം മെഡി. കോളേജിലേക്ക് മാറ്റുന്നത്. ഇക്കാര്യത്തില്‍ കസ്റ്റംസും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം, ശിവശങ്കറിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു. രാവിലെ ആന്‍ജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ഇതില്‍ ആരോഗ്യ നില തൃപ്തികരമാണ്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തിയിരുന്നു. അന്വേഷണ സംഘം എത്തിയതിന് തൊട്ടുപുറകെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് വാഹനത്തിലാണ് എം ശിവശങ്കരിനെ ആശുപത്രിയിലെത്തിച്ചത്.

Exit mobile version