തക്കാളിയുമായി വന്ന ലോറി തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എഴുകോണ്‍: തക്കാളിയുമായി വന്ന ലോറി തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു. പൊള്ളാച്ചിയില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സേലം സ്വദേശികളായ ഡ്രൈവര്‍ ജയപ്രകാശ്, സഹായി ജോര്‍ജ് എന്നിവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ ഒന്നിന് എഴുകോണ്‍ ജംക്ഷനിലായിരുന്നു സംഭവം. മെയിന്‍ റോഡില്‍ നിന്ന് പത്തടിയിലേറെ താഴ്ചയില്‍ പാങ്ങോട്ശിവഗിരി റോഡിലേക്കാണ് ലോറി മറിഞ്ഞത്. രാത്രി ആയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ചാറ്റല്‍ മഴയില്‍ ബ്രേക്ക് കിട്ടാതെ തെന്നിപ്പോയതാണ് അപകട കാരണം എന്നാണ് ഡ്രൈവര്‍ നല്‍കിയ മൊഴി.

10 മാസത്തിനുള്ളില്‍ ഏഴാമത്തെ അപകടം; കോണ്‍ക്രീറ്റ് കൈവരി സ്ഥാപിക്കല്‍ നീളുന്നു. 10 മാസത്തിനുള്ളില്‍ ഇവിടെ നടക്കുന്ന ഏഴാമത്തെ അപകടമാണ് . അപകടത്തില്‍ നിസ്സാര പരുക്കേറ്റ ജോര്‍ജിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

ദേശീയ പാതയുടെ ഭാഗമായ എഴുകോണ്‍ മെയിന്‍ റോഡിന്റെ ഉയരക്കൂടുതലും കൈവരി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്. ഇവിടെ കോണ്‍ക്രീറ്റ് കൈവരി സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് 21 ലക്ഷം രൂപയ്ക്ക് കരാര്‍ നല്‍കിയിട്ടുണ്ട് എന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്. പക്ഷേ പണി തുടങ്ങിയിട്ടില്ല.

Exit mobile version