ഘടകകക്ഷികൾ യുഡിഎഫ് വിടുന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ട്; പലതുംപരിഹരിക്കാമായിരുന്ന പ്രശ്‌നങ്ങൾ; സ്വയം വിമർശനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടെന്ന് വിമർശിച്ച് കെ മുരളീധരൻ എംപി. ഘടകകക്ഷികൾ പലരും വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവർത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഭരണകക്ഷിയുടെ നേട്ടം കൊണ്ടല്ല ഇവർ വിട്ടുപോകുന്നതെന്നും മുരളീധരൻ പറഞ്ഞു.

വിട്ടുപോകുന്നവരെ പിടിച്ചുനിർത്താൻ യുഡിഎഫ് നേതൃത്വത്തിന് കഴിയേണ്ടിയിരുന്നു. കാലാകാലങ്ങളിലായി യുഡിഎഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കാനും അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കൽ ബോഡിയിലും നിയമസഭയിലും ശക്തമായ തിരിച്ചുവരവ് നടത്താനുമുള്ള നടപടികൾ കൈക്കൊള്ളണമെന്നും മുരളീധരൻ പറഞ്ഞു. കൂടുതൽ കക്ഷികൾ മുന്നണിയിൽ നിന്ന് വിട്ടുപോയാൽ പ്രവർത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. ഇപ്പോഴത്ത നിലയിൽ ജയിക്കാനുള്ള കഴിവുണ്ട്. പക്ഷേ മുന്നണി വിടുന്നു എന്ന പ്രചരണം നടത്താൻ ഇത് കാരണമാകും. ചർച്ചയിലൂടെ പിണങ്ങിപ്പോയവരെ കൊണ്ടുവരികയാണ് വേണ്ടത്.

ഇവരൊക്കെയായി കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടാവുന്നുണ്ട്. വീരേന്ദ്രകുമാർ 46 വർഷത്തെ ഇടതുബാന്ധവം സഹിക്കാൻ കഴിയാതെയാണ് യു.ഡി.എഫിലേക്ക് വന്നത്. അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയി. ഞാൻ ഇവരുമായി സംസാരിക്കുമ്പോൾ മനസിലായത് വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നു പലതും എന്നതാണ്. അവിടെയാണ് ഗ്യാപ് വന്നത്. അത് പരിഹരിക്കണം. ഞാൻ ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു. ചില്ലറ വിട്ടുവീഴ്ച രണ്ട് വിഭാഗവും കാണിക്കാമായിരുന്നു. ജോസ് കെ. മാണി ഒരു അബദ്ധം കാണിച്ചു. ചില്ലറ മാസം മാത്രം കാലാവധിയുള്ള ഒരു ജില്ലാ പഞ്ചായത്തിന് വേണ്ടി 38 വർഷത്തെ ബന്ധം അവസാനിപ്പിച്ചത് ശരിയല്ല. അതേസമയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയും രമേശും എടുത്ത തീരുമാനം 100 ശതമാനം ശരിയുമാണ്. രണ്ട് പേർ ഒരു സ്ഥാനത്തിന് വേണ്ടി തർക്കിക്കുന്നു. നേരം പുലർന്നിട്ടും തീരുമാനമായില്ല. ആ നിലയ്ക്ക് മാന്യമായ വീതം വെപ്പാണ് രണ്ട് പേരും നടത്തിയത്. രാഷ്ട്രീയകാര്യസമിതി ഇത് അംഗീകരിച്ചു. എന്നാൽ അതിന്റെ പേരിൽ മുന്നണി വിടുന്ന കാര്യം ഒഴിവാക്കേണ്ടതായിരുന്നു.

കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതൽ ആൾക്കാരെ എടുത്തിട്ടേ ഉള്ളൂ. കൊഴിഞ്ഞുപോക്ക് തടയാൻ കരുണാകരന് കഴിഞ്ഞു. ഇന്ന് അതിന് കഴിയുന്നില്ല എന്ന ഫീലിങ് സാധാരണ ജനത്തിനുണ്ട്. കൂടുതൽ കക്ഷികളെ യുഡിഎഫിലേക്ക് ആകർഷിക്കാൻ കഴിയണം. ഇന്നലെ വരെ മാണി സാറിനെ കുറിച്ച് പറഞ്ഞതൊക്കെ എൽഡിഎഫ് വിഴുങ്ങിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Exit mobile version