രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരായി ലക്ഷ്മി പ്രമോദും ഭർത്താവും ഓഫീസിലെത്തി; ഇപ്പോൾ വേണ്ട, സമയമായില്ലെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം: കൊട്ടിയം കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും ഭർത്താവിനെയും ഇനിയും ചോദ്യം ചെയ്തില്ല. ഇരുവരേയും കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഉടൻ ചോദ്യംചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇരുവരും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.

കേസിൽ കഴിഞ്ഞ ദിവസമാണ് ഇരുവർക്കും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഒക്ടോബർ 15ന് 12 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ലക്ഷ്മി പ്രമോദുംഭർത്താവ് അസറുദ്ദീനും ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറായില്ല.

അതേസമയം, രണ്ട് ദിവസം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയിട്ടും ചോദ്യം ചെയ്യാൻ തയ്യാറാകാത്തതിൽ കോടതിയെ സമീപിക്കാനാണ് ലക്ഷ്മി പ്രമോദിന്റെയും ഭർത്താവിന്റെയും തീരുമാനം.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ തീരുമാനമായ ശേഷം ചോദ്യം ചെയ്യുന്നതിലേക്കും അറസ്റ്റിലേക്കും നീങ്ങിയാൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നിലവിൽ ഇവരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്ന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

Exit mobile version