കൊവിഡ് ബാധിച്ച് മരിക്കുന്നവർക്ക് മതാചാര പ്രകാരം മരണാനന്തര ചടങ്ങുകൾ നടത്താൻ അനുമതി നൽകണം: ആവശ്യവുമായി സമസ്തയടക്കമുള്ള സംഘടനകൾ

തിരുവനന്തപുരം: കൊവിഡ് ബാധിതരായി മരണപ്പെടുന്നവർക്ക് മതാചാര പ്രകാരം മരണാനന്തര ചടങ്ങുകൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള മുസ്ലിം സംഘടനകൾ രംഗത്ത്. നിലവിലുള്ള കൊവിഡ് മാർഗനിർദ്ദേശങ്ങളിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ടാണ് സമസ്തയുടെ നേതൃത്വത്തിൽ മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

നിലവിലുള്ള പ്രോട്ടോക്കോളനുസരിച്ച് കൊവിഡ് ബാധിച്ച് മരിക്കുന്നവർക്ക് മതാചാര പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ കഴിയുന്നില്ലെന്നും സംഘടനാ നേതാക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ കത്തിൽ പറയുന്നു. സുരക്ഷിതത്വത്തിനായി മൂന്ന് പാളി കവറുകളാക്കുന്ന മൃതദേഹം കുഴിയിലേക്ക് ഇറക്കി വെച്ചാണ് സംസ്‌കരിക്കുന്നത്. ഇതും ഒഴിവാക്കണമെന്നാണ് നിലവിലെ ആവശ്യം. വിശ്വാസ പ്രകാരമുള്ള അത്യാവശ്യ ചടങ്ങുകൾ നടത്താനെങ്കിലും അനുമതി നൽകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

കൊവിഡ് പ്രോട്ടോകോളിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള ആവശ്യം പരിഗണിക്കണമെന്ന് എവൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞത്. ‘രോഗം ബാധിച്ചവരെ നേരത്തെ പരിചരിച്ച പോലെയല്ല ഇപ്പോൾ പരിചരിക്കുന്നത്. ഇപ്പോൾ വീട്ടിൽ വെച്ച് നോക്കാനും ആവശ്യമെങ്കിൽ കൂടെ നിൽക്കാനും സർക്കാർ അനുമതി നൽകുന്നുണ്ട്. ഇതിന്റെ ഭീകരത മനസിലാക്കി നമ്മൾ നേരത്തെ ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന്റെ വ്യാപനത്തെ തടയുന്നതിനുള്ള മുൻകരുതലുകളെല്ലാം എടുത്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യാനാകുന്നുണ്ടല്ലോ. അപ്പോൾ മൃതദേഹം ബന്ധുക്കൾക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന ന്യായമായ ഒരു കാര്യം മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,’ അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.

മരിച്ചയാളെ അവസാനമായി ബന്ധുക്കൾക്ക് കാണാൻ അവസരമൊരുക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സംഘടനകളുടെ ആവശ്യം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ എന്നിവരും സംയുക്ത ഹർജിയിൽ ഒപ്പ് വെച്ചിട്ടുണ്ട്.

Exit mobile version