തിരൂരിൽ അടച്ചിട്ട വീട്ടിൽ വൻമോഷണം; ഗ്യാസ് സിലിണ്ടറും എസിയും ആധാരവും ഉൾപ്പടെ അടിച്ചുമാറ്റി; വീട് മുഴുവൻ കൊള്ളയടിച്ച കള്ളന്മാരെ നാട്ടുകാർ പിടികൂടി

തിരൂർ: കൊവിഡ് ബാധിച്ച് മരിച്ച മരുമകളുടെ വീട്ടിലേക്ക് ഭർതൃമാതാവ് വീട് അടച്ചിട്ട് പോയ തക്കത്തിന് ഉപ്പു തൊട്ട് കർപ്പൂരം വരെ അടിച്ചുമാറ്റി കള്ളന്മാർ. വീട്ടിലാരുമില്ലാത്ത സമയത്ത് കട്ടിളയും വാതിലും പിഴുതെടുത്ത് പലതവണയായി വീടുമുഴുവൻ കൊള്ളയടിക്കുകയായിരുന്നു. ഒടുവിൽ തന്ത്രം പിഴച്ച കള്ളന്മാരെ അവസാനത്തെ തവണ മോഷണത്തിന് ശ്രമിക്കവെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മോഷണമുതലുമായി ഗുഡ്‌സ് ഓട്ടോയിൽ പോകവേയാണ് നാട്ടുകാർ മോഷ്ടാക്കളെ പിടികൂടിയത്.

തിരൂർ പൂക്കയിൽമങ്ങാട് റോഡിൽ പരേതനായ ഒരിക്കൽ മുഹമ്മദിന്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ചനടന്നത്. 22 ദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മകൻ മുബാറക്കിന്റെ ഭാര്യ നസ്‌റീൻ കൊവിഡ് ബാധിച്ച് മരിച്ചതിനാൽ ദിവസങ്ങളായി മുഹമ്മദിന്റെ ഭാര്യ സൈനബ അവരുടെ വീട്ടിലായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽനിന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയിൽ സാധനങ്ങൾ കയറ്റിപ്പോകുന്നതുകണ്ട അയൽവാസികൾ വീട്ടുകാരെ ഫോണിൽവിളിച്ച് വീടൊഴിഞ്ഞോയെന്നു ചോദിച്ചതോടെയാണ് മോഷണമാണ് നടക്കുന്നതെന്ന് വ്യക്തമായത്. ഇല്ലെന്നുപറഞ്ഞ് വീട്ടുകാരുടെ ബന്ധുക്കൾ ഉടനെ തന്നെ ഓടിയെത്തി. കളവുമുതലുകൾ കയറ്റിപ്പോയ ഗുഡ്‌സ് ഓട്ടോറിക്ഷയും പ്രതികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഗ്യാസ് സിലിൻഡർ, കുക്കർ, എസി, സ്റ്റെബിലൈസർ, വീടിന്റെ ആധാരം, പണം ഉൾപ്പെടെ വീട്ടിലെ മുഴുവൻ സാധനങ്ങളും പ്രതികൾ കടത്തിക്കൊണ്ടുപോയിരുന്നു. തിരൂർ പൂക്കയിൽ സ്വദേശി കണ്ണച്ചംപാട്ട് സുരേന്ദ്രൻ (36), പൂക്കയിൽ പാറപ്പറമ്പിൽ ബിബീഷ് (34), പൂക്കയിൽ ചാണക്കൽപറമ്പിൽ അബ്ദുൾകരീം (31) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് അറസ്റ്റ്‌ചെയ്തത്. തിരൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.

Exit mobile version