അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം; ലോറി ഡ്രൈവര്‍ക്കെതിരെ നടപടി

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ കഴിഞ്ഞദിവസം അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് കേസെടുത്തത്.

മലപ്പുറം സ്വദേശി ശബാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. പൊതുമരാമത്ത് ജോലികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്ന കരാര്‍ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ, മലപ്പുറം രണ്ടത്താണിയില്‍ വച്ചാണ് അബ്ദുള്ളക്കുട്ടിയുടെ കാറില്‍ ലോറി ഇടിച്ചത്. അതേസമയം ഹോട്ടലില്‍ വെച്ച് അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ പൊന്നാനി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അരുണിന്റെ പരാതിയില്‍ ആണ് കേസ് എടുത്തിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തി, തടഞ്ഞു നിര്‍ത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ പരാതിയിലാണ് കേസ്. ഹോട്ടലില്‍ ഫോട്ടോ എടുത്തത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാള്‍ കല്ലെറിഞ്ഞെന്നുമാണ് പരാതി.

Exit mobile version