വി. മുരളീധരനെതിരേ ഉയര്‍ന്ന ആരോപണം; ബിജെപിക്കുള്ളില്‍ പുകയുന്നു, വിഷയം ചര്‍ച്ചയാക്കി ശോഭാ സുരേന്ദ്രനും

കൊച്ചി: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവം ബി.ജെ.പി.യിലും മഹിളാ മോര്‍ച്ചയിലും വന്‍ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വി. മുരളീധരനെതിരേ ഉയര്‍ന്ന ആരോപണം ബി.ജെ.പി.ക്കുള്ളില്‍ ആരും ആദ്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍, കേന്ദ്രത്തില്‍ പരാതി എത്തിയതോടെയും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെയും പാര്‍ട്ടിക്കുള്ളിലെ വിരുദ്ധചേരി വിവാദത്തിന് പരമാവധി പ്രചാരം നല്‍കി രംഗത്തിറങ്ങി.

ലോക് താന്ത്രിക് യുവജനതാദള്‍ നേതാവ് സലിം മടവൂരാണ് ആരോപണവുമായി ആദ്യം രംഗത്തുവന്നത്. 2019-ല്‍ അബുദാബിയില്‍നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പി.ആര്‍. മാനേജരായ സ്മിതാ മേനോന്‍ പങ്കെടുത്തത് പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് പരാതി.

എന്നാല്‍ ബി.ജെ.പി.യിലെ കൃഷ്ണദാസ് പക്ഷം ആദ്യം മന്ത്രിയെ ന്യായീകരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക എന്നനിലയിലാണ് സ്മിത സമ്മേളനത്തില്‍ പങ്കെടുത്തതെന്ന മന്ത്രിയുടെ വിശദീകരണം തന്നെയാണ് കൃഷ്ണദാസ് പക്ഷത്തെ നേതാക്കളും പറഞ്ഞത്.

അബുദാബി യോഗം കഴിഞ്ഞ് അധികം വൈകാതെ സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാക്കി. ഇതില്‍ സംഘടനയ്ക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. എതിര്‍പ്പിന് നേതൃത്വം നല്‍കിയ എറണാകുളത്തെ മഹിളാ നേതാവിന് അതിനെക്കാള്‍ വലിയ സ്ഥാനം നല്‍കി ആശ്വസിപ്പിച്ചു.

മുരളീധരവിഭാഗത്തോട് അടുത്തബന്ധമുള്ള മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും സ്മിതയുടെ സ്ഥാനക്കയറ്റത്തെ വിമര്‍ശിച്ചു. ശബരിമല സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലാണ് സ്മിതയെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് നേരിട്ട് എടുത്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.

എന്നാല്‍, സമരത്തില്‍ പങ്കെടുത്ത് കേസുകളില്‍പെട്ടവര്‍ക്കുപോലും ഒരു പരിഗണനയും കിട്ടാത്തപ്പോഴാണ് സ്മിതയ്ക്ക് മുന്‍ഗണന ലഭിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നു. ആദ്യഘട്ടത്തില്‍ മിണ്ടാതിരുന്ന കൃഷ്ണദാസ് പക്ഷം ഇപ്പോള്‍ വിഷയം ഏറ്റെടുത്തിട്ടുണ്ട്.

മുരളീധരന്റെ മന്ത്രിസ്ഥാനംതന്നെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. കൂടുതല്‍ മഹിളാ പ്രവര്‍ത്തകരെക്കൊണ്ട് കേന്ദ്രനേതൃത്വത്തിന് പരാതികൊടുപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. മുരളീധരവിഭാഗത്തിന്റെ വെട്ടിനിരത്തലിനിരയായ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള, പാര്‍ട്ടിയിലെ മൂന്നാംഗ്രൂപ്പും വിഷയം ചര്‍ച്ചയാക്കുന്നുണ്ട്.

Exit mobile version