സ്മിത മേനോൻ വെറും റിപ്പോർട്ടർ, പതിറ്റാണ്ടുകളായി ബിജെപി ബന്ധം; മഹിളാ മോർച്ച സ്ഥാനം നൽകിയത് എന്റെ ശുപാർശയിൽ; എല്ലാം ഏറ്റെടുത്തും വി മുരളീധരനെ ന്യായീകരിച്ചും കെ സുരേന്ദ്രൻ

K Surendran | Kerala Nes

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് പ്രോട്ടോക്കോൾ ലംഘനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ചോദിച്ചതിന് പിന്നാലെ വിശദീകരണവുമായി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് കെ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. സ്വർണക്കള്ളക്കടത്തിൽ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് ഈ ശ്രമങ്ങൾ. വി മുരളീധരൻ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തിൽ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോർട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്മിതാ മേനോനെ മഹിളാ മോർച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ എന്റെ ശുപർശ പ്രകാരമാണ്. വി മുരളീധരന്റെ ശുപാർശയിലല്ല. പാർട്ടിയിൽ കൂടുതൽ പ്രഫഷണലുകളെ ഉൾപ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് മഹിളാമോർച്ചയുടെ പ്രധാന സ്ഥാനം നൽകിയത്. ഇങ്ങനെയുള്ളവരെ ഇനിയും ഉൾപ്പെടുത്തും. ഇവരുടെ കുടുംബം നാല്-അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവർ പാർട്ടിക്ക് അന്യം നിൽക്കുന്നവരല്ല. ഈ പ്രചാരണമെല്ലാം വി മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കിൽ അത് വെറുതെയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുരളീധരന്റെ പേര് പറഞ്ഞ് സ്വർണക്കടത്ത് ആരോപണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പരിപാടിയെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വെച്ചാൽ മതി. വി മുരളീധരനെ അപകീർത്തിപ്പെടുത്തി, വേട്ടയാടി സ്വർണക്കള്ളക്കടത്തു നിന്ന് തലയൂരാമെന്നാണ് വിചാരിക്കുന്നതെങ്കിൽ നടക്കാത്ത കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

വിമുരളീധരനെതിരേ നടക്കുന്നത് അപകീർത്തികരമായ പരാമർശങ്ങളാണ്. വിഷലിപ്തപരമായ നീചമായ വ്യക്തിഹത്യയാണ് നടക്കുന്നത്. സിപിഎം ഉന്നത നേതാക്കളും സൈബർ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.

യുഡിഎഫിനെ പോലെ സർക്കാർ പറയുമ്പോൾ ഇടക്കിടയ്ക്ക് സമരം നകേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കി ജനങ്ങളുടെ മുന്നിൽ ആളാവാനാണ് സർക്കാർ നീക്കം. സർക്കാരിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് പത്രങ്ങളിലെല്ലാം പരസ്യം കൊടുത്ത ജലജീവൻ പദ്ധതി കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി നടപ്പിലാക്കുന്നതാണ്. ഇത് മോഡി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയിൽ പെട്ടതാണ്. എന്നിട്ട് കേന്ദ്രത്തെ ഒഴിവാക്കി സർക്കാർ പടം വെച്ച് പരസ്യം നടത്തുന്ന ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Exit mobile version