നിയമം കയ്യിലെടുക്കാന്‍ സമൂഹത്തിനു പ്രചോദനമാകും; ഭാഗ്യലക്ഷ്മിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: സ്ത്രീസമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പങ്കുവെച്ച വിജയ് പി.നായരെ കൈകാര്യം ചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി നാളെ വിധി പറയും.

ഇന്നലെ അപേക്ഷ പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇതുപോലെയുള്ളവര്‍ക്ക് ജാമ്യം നല്‍കുന്നതു നിയമം കയ്യിലെടുക്കാന്‍ സമൂഹത്തിനു പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്.

തമ്പാനൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണു ഭാഗ്യലക്ഷ്മിക്കും ഒപ്പമുണ്ടായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. മുറിയില്‍ അതിക്രമിച്ചു കടക്കല്‍, മോഷണം തുടങ്ങി 5 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.

അതിനിടെ സൈബര്‍ അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനിര്‍മാണം അഭ്യര്‍ഥിച്ച് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കു കത്തയച്ചു. സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വലിയ പിന്തുണയായിരുന്നു ലഭിച്ചത്. പ്രമുഖരടക്കം നിരവധി പേരാണ് ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

Exit mobile version