സൈനികരെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്

തിരുവനന്തപുരം: അശ്ലീല വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്. സൈനികരെ അപകീര്‍ത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പുതിയ കേസ്. സൈബര്‍ പോലീസാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്. അതേസമയം, വിജയ് പി നായരെ മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. നിയമം കയ്യിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

യൂട്യൂബര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനല്‍ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം, ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നും ഉത്തരവില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Exit mobile version