ഹത്രസിലെ പെണ്‍കുട്ടിയുടെ മരണം; ഒരു ഭരണകര്‍ത്താവ് ന്യായമായും ശക്തമായും സ്വീകരിക്കേണ്ട എല്ലാ നടപടികളും യോഗി സ്വീകരിച്ചു, ഇത്തരം സംഭവങ്ങളില്‍ ഏത് സംസ്ഥാനത്താണ് ഇത്ര കര്‍ക്കശവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് ?; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ഹത്രസിലെ പെണ്‍കുട്ടിയുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണായുധമാക്കി മാറ്റുകയാണ് പ്രതിപക്ഷപാര്‍ട്ടികളെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവങ്ങള്‍ വളച്ചൊടിക്കുകയും മോഡി സര്‍ക്കാരിനെ ചെളിവാരി എറിഞ്ഞ് വികൃതമാക്കുകയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. ഹത്രസിലെ പെണ്‍കുട്ടിയുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചരണായുധമാക്കി മാറ്റുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

ഹത്രസിലെ സംഭവമുണ്ടായ ഉടന്‍ ഒരു ഭരണകര്‍ത്താവ് ന്യായമായും ശക്തമായും സ്വീകരിക്കേണ്ട എല്ലാ നടപടികളും യോഗി ആദിത്യനാഥ് സ്വീകരിച്ചു. എല്ലാ പ്രതികളും 24 മണിക്കൂറിനകം കസ്റ്റഡിയില്‍, നഷ്ടപരിഹാരം 25 ലക്ഷം രൂപ, കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി എല്ലാം പ്രഖ്യാപിച്ചു.

കൂടാതെ വീടിന് ശക്തമായ സുരക്ഷാ സന്നാഹം, അന്വേഷണത്തിന് പ്രത്യേക കുറ്റാന്വേഷണ വിദഗ്ധ സംഘം, അന്വേഷണം കുറെക്കൂടി ശക്തമാക്കാന്‍ സിബിഐ, സംഭവത്തില്‍ ആരോപിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, മരണശേഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥ സംഘം, ദിവസവും സ്ഥിതി വിലയിരുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ്… എല്ലാ നടപടികളും സ്വീകരിച്ചു.

ഇത്തരം സംഭവങ്ങളില്‍ ഏത് സംസ്ഥാനത്താണ് ഇത്ര കര്‍ക്കശവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് ?എന്ന് കുമ്മനം ചോദിക്കുന്നു.

Exit mobile version