ഒളിവിൽ പോയ മഹേഷിനെ പിടികൂടി; തൃശ്ശൂർ നഗരമധ്യത്തിൽ നിന്നും

തൃശ്ശൂർ: ദന്താശുപത്രി നടത്തുകയായിരുന്ന ഡോക്ടറെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി മഹേഷിനെ പോലീസ് പിടികൂടി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മഹേഷിനെ പിടികൂടാനായത്. കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തുകയായിരുന്ന മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനയെ കുത്തിക്കൊന്ന കേസിൽ പോലീസ് ദിവസങ്ങളായി സുഹൃത്ത് മഹേഷിനു വേണ്ടി തെരച്ചിലിൽ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ തൃശൂർ പൂങ്കുന്നത്ത് നിന്ന് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് സോനയ്ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു മഹേഷ്. കഴിഞ്ഞ രണ്ട് വർഷമായി സോന കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിവരികയാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും നേരത്തെ പാവറട്ടി സ്വദേശിയായ മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് മഹേഷ് ക്ലിനിക്കിൽ വെച്ച് സോനയെ കുത്തി വീഴ്ത്തിയത്.

ദന്തഡോക്ടറായ സോന കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷിനെ പരിചയപ്പെടുന്നത്. പിന്നീട് കുട്ടനെല്ലൂരിൽ ക്ലിനിക്ക് ആരംഭിച്ചപ്പോൾ സ്ഥാപനത്തിലെ ഇന്റീരിയർ ഡിസൈനിങ് ജോലികളും മഹേഷിനെ ഏൽപ്പിച്ചു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കുരിയാച്ചിറയിലെ ഫഌറ്റിൽ മഹേഷിനൊപ്പം താമസവും തുടങ്ങി. ഇതിനുപിന്നാലെയാണ് മഹേഷ് സോനയിൽനിന്ന് പലതവണയായി ലക്ഷങ്ങൾ കൈക്കലാക്കിയത്.

തുടക്കത്തിൽ ഇന്റീരിയർ ഡിസൈനിങ് ജോലികളുടെ ചിലവെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പിന്നീട് ഭീഷണിയായി. ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്റെ നടത്തിപ്പിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പ്രശ്‌നങ്ങൾ രൂക്ഷമായതോടെയാണ് സോന പോലീസിൽ പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന് പിന്നാലെ ക്ലിനിക്കിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് മഹേഷ് ക്ലിനിക്കിലെത്തി സോനയെ ആക്രമിച്ചത്. അഞ്ച് ദിവസത്തോളെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ സോന പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version