കെപിഎസി ലളിതയുടെ വാദങ്ങള്‍ പൊളിയുന്നു; ആര്‍എല്‍വി രാമകൃഷ്ണനുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്

തൃശൂര്‍: കേരള ലളിത കലാ അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ കൂടിയായ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു.

രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെയാണ് കെപിഎസിയുടെ വാദങ്ങള്‍ പൊളിയുന്നത്. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി സ്വന്തമാക്കിട്ടുള്ള രാമകൃഷ്ണന് ജാതിവിവേചനം കാരണം നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പരിപാടിക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ലെന്നായിരുന്നു ഇതിന് പിന്നാലെ അക്കാദമിയുടെ വാദം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍സന്ദേശം അക്കാദമിയുടെ വാദം പൊളിച്ചടുക്കുന്നതാണ്. നൃത്തം അവതരിപ്പിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത രാമകൃഷ്ണനോട് പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്.

ഇതിന് പുറമേ അക്കാദമി സെക്രട്ടറിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളുവെന്ന് കെപിഎസ്സിയും രാമകൃഷണനോട് പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതോടെ രാമകൃഷ്ണന്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ചാലക്കുടിയിലെ കലാഗൃഹത്തില്‍ വെച്ച് ഉറക്ക ഗുളികള്‍ കഴിച്ച അദ്ദേഹം ഇപ്പോള്‍ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെയെന്നാാണ് രാമകൃഷ്ണന്‍ അവസാനമായി പറഞ്ഞത്.

Exit mobile version