സ്വപ്‌നം സഫലമായി; കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. കലാമണ്ഡലം വിദ്യാര്‍ത്ഥി യൂണിയനാണ് ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വേദിയൊരുക്കിയത്. കലാമണ്ഡലം സത്യഭാമ ജൂനിയര്‍ നടത്തിയ അധിക്ഷേപത്തിന് പിന്നാലെയാണ് രാമകൃഷ്ണനെമോഹിനിയാട്ടം അവതരിപ്പിക്കാന്‍ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചത്.

മോഹനനല്ല, മോഹിനിയാണ് മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്, കറുത്ത നിറമുള്ളവര്‍ നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കേണ്ട തുടങ്ങിയ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശം വലിയ വിവാദമായിരുന്നു നടത്തിയത്. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാവുകയാണ് കൂത്തമ്പലത്തിലെ ഈ നൃത്തം. ആര്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം കാണാന്‍ നിരവധി പേരാണ് കൂത്തമ്പലത്തിലെത്തിയത്. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെല്ലാം സദസ്സിലെത്തി.

തന്റെ വലിയ സ്വപ്നവും മോഹവുമാണ് കൂത്തമ്പലത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരമെന്നായിരുന്നു കലാമണ്ഡലത്തിലേക്ക് നൃത്തം അവതരിപ്പിക്കാന്‍ ക്ഷണിച്ചപ്പോള്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍ അത്തരമൊരു അവസരം ലഭിക്കാന്‍ ഒരു വിവാദം വേണ്ടി വന്നുവെന്ന പരിഭവവും അദ്ദേഹം പങ്കുവച്ചിരുന്നു.

Exit mobile version