പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ന് ചരിത്രദിനം; മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്, വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ന് ചരിത്രദിനം. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. 54 സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും ഇന്ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ നാല് സ്‌കൂളുകളും 3 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി വളര്‍ന്ന 20 സ്‌കൂളുകളും നാടിന് സമര്‍പ്പിക്കും. പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി നിര്‍മ്മിച്ച 62 ഉം നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച നാലും സ്‌കൂള്‍ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുമെന്നും 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടന പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്രദിനമാണിന്ന്. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. മികവിന്റെ കേന്ദ്രങ്ങളായി മാറാന്‍ പോകുന്ന 54 സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും ഇന്ന് നടക്കും.

കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ നാല് സ്‌കൂളുകളും 3 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി വളര്‍ന്ന 20 സ്‌കൂളുകളും നാടിന് സമര്‍പ്പിക്കും. പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി നിര്‍മ്മിച്ച 62 ഉം നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച നാലും സ്‌കൂള്‍ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. നേരത്തെ 34 മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 100 സ്‌കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഉണ്ട്.
5 കോടി രൂപ വീതം ചെലവഴിച്ച് 141 സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയില്‍ 67 സ്‌കൂളുകളും 3 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 33 സ്‌കൂളുകളും പൂര്‍ത്തിയായി. ഈ 100 സ്‌കൂളുകളിലായി മൊത്തം 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ 1617 ക്ലാസ്/സ്മാര്‍ട്ട് റൂമുകളും, 248 ലാബുകളും, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടിനൊപ്പം ജനപ്രതിനിധികളുടെ ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ജനങ്ങള്‍ സമാഹരിച്ച ഫണ്ടും ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയത്.

നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കുക, അവരുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന സാഹചര്യങ്ങള്‍ ഒരുക്കുക, മികവിന്റെ കേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ഇതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നെഞ്ചേറ്റിയ ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്ത്.

#100ദിവസങ്ങള്‍
#100പദ്ധതികള്‍

Exit mobile version