സ്ഥിതി ആശങ്കാജനകം; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട സാഹചര്യം, 1000കടന്നിട്ടും നഗരത്തില്‍ വേണ്ടത്ര ജാഗ്രതയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ മുതല്‍ സംസ്ഥാനത്ത് 144 നിലവില്‍ വരുമെങ്കിലും നഗരസഭയ്ക്ക് കീഴില്‍ ഇത് അത് കര്‍ശനമായി നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി അറിയിക്കുന്നു.

മന്ത്രിയുടെ വാക്കുകള്‍;

ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഇന്നലെ മാത്രം രോഗികളുടെ എണ്ണം 1000 കടന്നിട്ടും വേണ്ടത്ര ജാഗ്രത പലരും പാലിക്കുന്നില്ല. കഴിഞ്ഞയാഴ്ച കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തേയും യോഗം അതിശക്തമായി വിമശിച്ചു. സംഘര്‍ഷത്തിന് മുന്‍പന്തിയിലുണ്ടായ ഒരു കൗണ്‍സിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ ആശങ്കയോടെയാണ് കാണുന്നത്.

നിലവില്‍ നഗരസഭാ പരിധിയില്‍ മാത്രം വലിയ രീതിയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ഇന്നലെ മാത്രം 388 പേര്‍ക്കാണ് നഗരസഭാ പരിധിക്കുള്ളില്‍ രോഗം ബാധിച്ചത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തുന്നത്.

Exit mobile version