കൊവിഡ് വ്യാപനം തീവ്രം; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: കൊവിഡ് വ്യാപനം തീവ്രമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥരുമായി ആലോചിച്ച് കൂടുതല്‍ നിയന്ത്രണത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് ശുപാര്‍ശ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. കഴിഞ്ഞ ദിവസം മാത്രം 1576 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ജാഗ്രത പാലിക്കാതെയാണ് പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നത്. ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് യാതൊരു കുറവുമില്ല.

ജില്ലയില്‍ നിരോധനാജ്ഞയുണ്ടെങ്കിലും പോലീസിനെ കാണുമ്പോള്‍ മാത്രം ഒഴിഞ്ഞ് മാറുന്ന നിലയിലാണ് ആള്‍ക്കൂട്ടം. പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടങ്ങളാണ് വൈറസ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആളുകള്‍ ഇനിയും നിയന്ത്രണങ്ങള്‍ പാലിക്കാതെ അലംഭാവം തുടരുകയാണെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Exit mobile version