കൊവിഡ് നിയന്ത്രണം വേണ്ട: കൊവിഡ് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെ എതിര്‍ത്ത് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കൊവിഡ് ഭീഷണിയുള്ള സ്ഥലത്ത് അടച്ചിടാം. എന്നാല്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാനുള്ള നീക്കം മറ്റ് പല ഉദ്ദേശത്തോടെയും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ജനവികാരം എതിരാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ലാവ്‌ലിന്‍, ലൈഫ് മിഷന്‍ കേസുകളിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നു. ചെന്നിത്തലയുടേത് സാമന്ത പ്രതിപക്ഷമാണ്. ചെന്നിത്തലയെ പോലെ 144 അംഗീകരിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനെ എതിര്‍ത്ത് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം 9000 ത്തോട് അടുത്ത് എത്തി. മരണം 800 ഓളം ആകാറായി. ചികിത്സയിലുള്ളവരുടെ എണ്ണം എഴുപതിനായിരം കടന്നു. അതീവ ആശങ്കയില്‍ സംസ്ഥാനം നില്‍ക്കുമ്പോഴാണ് നിയന്ത്രണങ്ങളെ എതിര്‍ത്ത് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

Exit mobile version