ആയിമോ; സ്‌നേഹത്തോടെ ഹമീദ് നീട്ടിവിളിക്കും, 71 വര്‍ഷമായി സുലൈഖ ഉണരുന്നത് ഭര്‍ത്താവിന്റെ ശബ്ദം കേട്ട്, ഭക്ഷണം വാരി നല്‍കുന്നതും ഹമീദ്; അടുത്തജന്മത്തിലും ഒന്നിക്കുമെന്ന വിശ്വാസത്തില്‍ ദമ്പതികള്‍

കല്യാണം കഴിഞ്ഞ് 71 വര്‍ഷം പിന്നിട്ടിട്ടും ‘ആയിമോ’.. എന്ന സ്‌നേഹത്തോടുള്ള ഹമീദ് റാവുത്തറുടെ വിളി കേട്ടാണ് ഇന്നും സുലൈഖ ഉണരുന്നത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇരുവര്‍ക്കും ഉണ്ടെങ്കിലും കുട്ടികളെ നോക്കും പോലെയാണ് ‘ആയിമോയെ’ തന്റെ റാവുത്തര്‍ പരിപാലിക്കുന്നത്.

ഹമീദ് റാവുത്തര്‍ക്ക് 92ഉം ഭാര്യ സുലൈഖ ബീവിക്ക് 87 വയസ്സുമാണ്. ആയിമോയുടെ 18ാം വയസ്സിലാണ് ഹമീദ് റാവുത്തര്‍ വിവാഹം ചെയ്തത്. ചാലിയക്കര എവിടി തോട്ടത്തിലെ തൊഴിലാളിയായിരുന്നു ഹമീദ്. ദാരിദ്ര്യവും പ്രയാസവും മാത്രം സമ്മാനിച്ച ചെറുപ്പമായിരുന്നു ഹമീദിന്റേത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ബാപ്പയുടെ ചെറിയ വരുമാനത്തിലാണു കുടുംബം പുലര്‍ന്നിരുന്നത്. ഹമീദിന് ജോലിയായതോടെ കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ക്കു നേരിയ ആശ്വാസം. പലയിടങ്ങളിലായി ജോലിക്കു ശേഷം കൂടല്‍ – രാജഗിരി റോഡില്‍ പുന്നമൂട്ടിലാണ് ഇപ്പോള്‍ താമസം.

കുത്തകപ്പാട്ടം നിയമം നിലവില്‍ വന്നപ്പോള്‍ കൃഷി ചെയ്തിരുന്ന സ്ഥലം ഭൂഉടമയുടെ ആവശ്യപ്രകാരം ഒഴിഞ്ഞു നല്‍കി. സ്ഥലം ഉടമ തിരുവല്ല സ്വദേശിയായ കുര്യന്‍ വര്‍ഗീസ് സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്തുവച്ച ചെറിയ പീടികയിലാണ് ഇരുവരും കഴിയുന്നത്.

ഹമീദ് റാവുത്തര്‍ക്കും സുലൈഖ ബീവിക്കും ആറുമക്കളാണുള്ളത്. 2 പേര്‍ ഒഴികെ ബാക്കി എല്ലാവരും വിദേശത്താണ്. ഒരു കിലോമീറ്റര്‍ അകലെയായി താമസിക്കുന്ന ഇളയ മകള്‍ ആമിന ദിവസവും എത്തും. പുന്നമൂട് റോഡിനോടു ചേര്‍ന്നുള്ള പീടികയ്ക്കു മുന്നിലെ ബെഞ്ചില്‍ രാവിലെ തന്നെ ഇരുവരും സ്ഥാനം പിടിക്കും.

റോഡിലൂടെ പോകുന്നവര്‍ക്ക് എന്നും ഇരുവരുടെയും ദാമ്പത്യത്തെ പറ്റി പറയാന്‍ കഥകള്‍ ഏറെ. ഇവര്‍ പുന്നമൂട്ടില്‍ താമസം ആക്കിയ ശേഷം വന്നവരാണ് സ്ഥലവാസികളില്‍ ഏറെയും. സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ശേഷി ഇല്ലാത്തതിനാല്‍ ‘ആയിമോ’യ്ക്കു ഹമീദ് റാവുത്തര്‍ ഭക്ഷണം വാരി നല്‍കും.

ആ കാഴ്ച കണ്ടുനില്‍ക്കുന്നവരുടെ മനസ്സുനിറയ്ക്കും. മുഖത്തേക്ക് പാറി കിടക്കുന്ന മുടികള്‍ക്കിടയിലൂടെ ഹമീദ് വിരല്‍ ഓടിക്കുമ്പോള്‍ ആയിമോയുടെ കണ്ണില്‍ തിളക്കം കാണാം. കരുതലിന്റെ തിളക്കം. അടുത്തജന്മത്തിലും കരുതലിന്റെ തണലില്‍ തല ചായ്ച്ചുറങ്ങാനുള്ള ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇരുവരും.

Exit mobile version