‘അപ്പേ.. അമ്മേ.. കുഞ്ഞിക്കിളിയെ തുറന്നുവിട്ടിട്ടുണ്ട് സോറി’; കൂട്ടിലടച്ചതിന് കിളിയുടെ അച്ഛനോടും അമ്മയോടും മാപ്പ് പറഞ്ഞ് മൂന്നുവയസ്സുകാരന്‍, വീഡിയോ വൈറല്‍

കോട്ടയം: ഒരു കുഞ്ഞിക്കിളിയെ വീണുകിട്ടിയപ്പോഴുണ്ടായ മൂന്നുവയസ്സുകാരന്റെ സന്തോഷവും അതിനെ പിരിയേണ്ടി വന്നപ്പോഴുള്ള സങ്കടവും വ്യക്തമാക്കുന്ന ഒരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം നിറയുന്നത്. അപ്രതീക്ഷിതമായി കിട്ടിയ ഒരു കുഞ്ഞുമൈനയെ കൂട്ടിലടക്കുകയും പിന്നീട് അതിന്റെ വിഷമം മനസ്സിലാക്കി ആ പക്ഷിയെ തുറന്നുവിടുകയും ചെയ്യുകയാണ് മൂന്നുവയസ്സുകാരന്‍ മാത്യു.

പറക്കാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ താഴെ വീണുപോയതാണ് ഒരു കുഞ്ഞിക്കിളി. ആ മൈനക്കുഞ്ഞിനെ മൂന്നുവയസുകാരന്‍ മാത്യുവും അച്ഛന്‍ അരുണും ചേര്‍ന്ന് ഒരു കൂട്ടിലിടുകയായിരുന്നു. കിളിക്കുഞ്ഞിനെക്കണ്ട് കുഞ്ഞുമാത്യുവിന്റെ കൊതി തീരുമ്പോള്‍ അതിനെ പറത്തിവിടാമെന്നാണ് അരുണ്‍ കരുതിയത്.

കിളിക്കുഞ്ഞിനെ തുറന്നുവിടാന്‍ പലതവണ ശ്രമിച്ചെങ്കിലും മാത്യു അതിന് സമ്മതിച്ചിരുന്നില്ല. ഒരു വൈകുന്നേരം ഒരു മരത്തിലിരുന്ന് കരയുന്ന കുരുവികളെ ചൂണ്ടി അരുണ്‍ അവനോട് പറഞ്ഞു ‘മോനേ നമ്മള്‍ പിടിച്ച ബേഡിയുടെ അപ്പനും അമ്മയും ആണ് ആ കരയുന്നത്’.

അത് കേട്ടപ്പോള്‍ മാത്യു തല കുനിച്ചു, സങ്കടപ്പെട്ട്, സ്വരമിടറിയ ആ മൂന്നുവയസ്സുകാരന്‍ ഒടുവില്‍ കുഞ്ഞുപക്ഷിയെ കൂടുതുറന്ന് പുറത്തേക്ക് വിട്ടു. ‘അപ്പേ.. അമ്മേ… കുഞ്ഞിക്കിളിയെ തുറന്നുവിട്ടിട്ടുണ്ട് സോറി’ സങ്കടത്തോടെ അവന്‍ കിളിയുടെ അച്ഛനോടും അമ്മയോടും പറഞ്ഞു.

കുഞ്ഞു മാത്യുവിന്റെ കുഞ്ഞി വികാരങ്ങളുടെ തുടക്കം റെക്കോര്‍ഡ് ചെയ്യാന്‍ അരുണിന് പറ്റിയില്ല, പക്ഷേ സ്‌നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും മാപ്പുപറച്ചിലിന്റെയും ശുഭാന്ത്യം ക്യാമറയില്‍ പതിഞ്ഞു. അരുണ്‍ പിന്നീട് അത് സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണലായ അരുണ്‍ പാലക്കലോടിന്റേയും മാധ്യമ പ്രവര്‍ത്തകയായ ജീതു എലിസബത്തിന്റേയും മകനാണ് മാത്യു വര്‍ക്കി പാലക്കലോടി. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശി ആണ്. ഈ കുഞ്ഞുപ്രായത്തില്‍ തന്നെ മറ്റ് ജീവികളോട് അവന്‍ കാണിക്കുന്ന അനുകമ്പയ്ക്കും കരുതലിനും അവനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് വീഡിയോ കണ്ട് പലരും പറയുന്നു.

Exit mobile version