ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു; കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നടി ശരണ്യയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അമ്മ

കാന്‍സര്‍ ബാധിച്ച് ഏറെ ഗുരുതരാവസ്ഥയിലായിരുന്ന സിനിമ-സീരിയല്‍ നടി ശരണ്യയുടെ ആരോഗ്യനില മെച്ചപ്പെട്ടു. നടക്കാനും സംസാരിക്കാനും കഴിയുന്ന ശരണ്യയുടെ വീഡിയോ പുറത്തുവന്നു. ശരണ്യയ്‌ക്കൊപ്പം അമ്മ ഗീതയും വീഡിയോയിലുണ്ട്. ആറുവര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്.

തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാസങ്ങളായി കിടപ്പിലായിരുന്നു ശരണ്യ. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സഹായത്തിനും ഗീത നന്ദി പറയുന്നു. ‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’- ഗീത പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഏഴ് ശസ്ത്രക്രിയകളാണ് ശരണ്യയ്ക്കായി ചികിത്സയുടെ ഭാഗമായി നടന്നത്. ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു. ചില സമയങ്ങളില്‍ പാടെ അവശയാകും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണങ്ങള്‍ പലപ്പോഴും നഷ്ടമാകും.

ഏത് ഘട്ടത്തിലാണെങ്കിലും പുഞ്ചിരിയാണ് എപ്പോഴും മുഖത്ത് എന്നാണ് കൂടെ ഉള്ളവരെല്ലാവരും പറയുന്നത്. അതുകൊണ്ടാണ് ഇപ്പോഴും തളര്‍ച്ചയില്ലാതെന്ന് ശരണ്യയുടെ അമ്മ പറയുന്നു. സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ഈ കുടുംബം.

അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യ ആയിരുന്നു നോക്കിയിരുന്നത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇവര്‍ക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് ഇവര്‍ താമസിക്കുന്നത്.

Exit mobile version